കോട്ടയം സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. തിരു.: കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. റയിൽവേ മന്ത്രാലയം വിളിച്ചു ചേർത്ത തിരുവനന്തപുരം റയിൽവേ ഡിവിഷൻ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം റയിൽവേ സ്റ്റേഷനിലെ ആറ് പ്ലാറ്റ് ഫോമുകളിലും ഓപ്പറേറ്റിംഗ് സൗകര്യം ഉറപ്പാക്കണം. 1എ, 5 പ്ലാറ്റ്ഫോമുകളിൽ വെള്ളം നിറക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
കോട്ടയം സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും കൂടുതൽ കൗണ്ടർ ആരംഭിക്കുകയും വേണം. രണ്ടാം കവാടം എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിൽ പൂർത്തിയാക്കുമെന്ന് മറുപടിയിൽ അധികാരികൾ വ്യക്തമാക്കി.
എറണാകുളം- ബാഗ്ലൂർ ഇൻറർസിറ്റി, കാരക്കൽ - എറണാകുളം, മഡ്ഗാവ് - എറണാകുളം, പൂനെ - എറണാകുളം,
മുംബൈ ലോക്മാന്യ തിലക് - എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകളും പാലക്കാട് - എറണാകുളം മെമു ട്രെയിനും കോട്ടയത്തേക്ക് നീട്ടണം.
നിരവധി ആളുകൾ മരണപ്പെട്ട കുമാരനല്ലൂരിൽ ജനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി അടിപ്പാത അല്ലെങ്കിൽ കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി റയിൽവേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും റയിൽവേ അധികൃതർ അറിയിച്ചു.
കോട്ടയം റബ്ബർ ബോർഡ് റയിൽവേ ഓവർ ബ്രിഡ്ജിൽ നിന്നും റയിൽവേ സ്റ്റേഷനിലേക്കുള്ള മദർ തെരേസാ റോഡ് രണ്ട് വർഷത്തിലേറെയായി തകർന്ന് കിടക്കുകയാണ്. ഇത് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കം റോഡ് റയിൽവേ സ്റ്റേഷൻ പുതിയ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തണം. വഞ്ചിനാട്, വേണാട്, പരശുറാം എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണം. ഏറ്റുമാനൂർ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം നടന്നു വരുന്ന പ്രവൃത്തി 75 ശതമാനമേ പൂർത്തിയായിട്ടുള്ളു. ബാക്കി പണികൾ ഉടൻ പൂർത്തിയാക്കണം. വഞ്ചിനാട്, മലബാർ, ഐലൻ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ചിങ്ങവനം, കുറുപ്പന്തറ, പിറവം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിൽ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. ചെറിയ സ്റ്റേഷനുകളായ കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര എന്നീ സ്റ്റേഷനുകൾ അപ്ഗ്രേഡ് ചെയ്യാൻ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം - കൊല്ലം വഴി വേളാങ്കണ്ണിക്ക് ആഴ്ചയിൽ രണ്ട് ദിവസം മാത്രമുള്ള ട്രെയിൻ സർവ്വീസ് എല്ലാ ദിവസം ആക്കുകയും എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപെട്ട റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി റയിൽവേ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം എത്രയും വേഗം വിളിച്ച് ചേർക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
0 Comments