ഓപ്പറേഷൻ സിന്ദൂർ: പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തതായും അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകരക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു.
പഹൽഗാമിലെ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു. പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയകരമായി ഒൻപത് ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തു. കൃത്യമായ ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ, ഭീകരർക്കെതിരെ നടപടി എടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കം കാട്ടിയാണ് കേണൽ ഇക്കാര്യം വിശദീകരിച്ചത്.
പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ, തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണ്ണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ചു തുടങ്ങിയത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദത്തിന് പ്രോത്സാഹനം നൽകി. ഭീകരാക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പാകിസ്ഥാൻ പിന്തുണ നൽകിയത് വ്യക്തമായി. ഭീകരർക്കെതിരെ നടപടി എടുക്കുന്നതിന് പകരം പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായ തു കൊണ്ടാണ് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. സംഘർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ വിക്രം മിസ്രി, ഇതിനാലാണ് മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞതെന്നും വിശദീകരിച്ചു.
0 Comments