കാലവർഷത്തോടൊപ്പം എത്തിയ കനത്ത കാറ്റ് വിവിധയിടങ്ങളിൽ നാശം വിതച്ചു. കോട്ടയം: കനത്ത മഴക്കൊപ്പമെത്തിയ കനത്ത കാറ്റ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു.
കോട്ടയത്ത് കുമരകം റോഡിൽ മരം വീണ് ഗതാഗത തടസ്റ്റസമുണ്ടായി. തിരക്കേറിയ റോഡിൽ ഒഴിവായത് വൻ ദുരന്തമാണ്. കുമരകം റോഡിൽ ശക്തമായ കാറ്റിനെ തുടർന്ന് കൂറ്റൻ മരമാണ് കടപുഴകി വീണത്. ഇതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചൂള പുത്തൻ റോഡിന് സമീപമാണ് തണൽമരം കടപുഴകിയത്. വൈദ്യുതി ബന്ധവും ഇതേ തുടർന്ന് തടസ്സപ്പെട്ടു.
അയ്മനം സെക്ഷൻ പരിധിയിലുള്ള ഈ പ്രദേശത്തെ പ്രധാന ഇലക്ട്രിക് ലൈൻ പൊട്ടിയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. അപകടസമയം വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുമരകം പോലീസും ഫയർ ഫോഴ്സ് അധികൃതരും എത്തി മരം വെട്ടി മാറ്റി. ഗതാഗതം തടസ്സപ്പെട്ടതോടെ കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങൾ പുത്തൻ റോഡ് മഞ്ചിറ വഴി പോലീസിൻ്റെ നേതൃത്വത്തിൽ തിരിച്ചുവിട്ടു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ പരുത്തുംപാറയിലെ പഞ്ചായത്ത് ഓഫീസിന് മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ പറന്നു പോയി. അടുത്തുള്ള കൃഷിഭവന്റെ മുകളിൽ പാനൽ വീണ് ഓടുകൾ തകർന്നു മഴവെള്ളം ഓഫീസിനുള്ളിൽ പെയ്തിറങ്ങി. ഓഫീസിന് സീലിംഗ് ഉള്ളത് കാരണം വൻ ദുരന്തം ഒഴിവായി. കനത്ത മഴയിലും കാറ്റിലും പനച്ചിക്കാട് സായിപ്പ് കവലയിൽ മരം വീണ് വൻ ഗതാഗതക്കുരുക്കുണ്ടായി. പഞ്ചായത്തിലെ 17ാം വാർഡിൽ തരകൻ വീട് റോയ് ചാക്കോയുടെ വീടിന്റെ മുകൾ നില കാറ്റിൽ തകർന്നു വീണു. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പനച്ചിക്കാട് പാത്താമുട്ടം പാമ്പൂരാംപാറയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലാണ് വീടിന്റെ മേൽക്കൂര തകർന്നത്. വീടിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് കൊണ്ടാണ് മേഞ്ഞിരുന്നത്. അത് 30 മീറ്ററോളം അകലേക്ക് പറന്നു പോകുന്ന രീതിയിലുള്ള കാറ്റാണ് വീശിയടിച്ചത്. പാമ്പൂരംപാറപാറയിൽ പി.ഐ. ബിജുവിന്റെ വീടാണ് കാറ്റത്ത് നശിച്ചത്. ഈ സമയം 20 വയസ്സുള്ള മകൾ ബിയാമോൾ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുകയായിരുന്നു. അപായമൊന്നും സംഭവിച്ചില്ല.
കനത്ത കാറ്റും മഴയും പരുത്തുംപാറ പന്നിമറ്റം റോഡിൽ സായിപ്പു കവലയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
പാലാ- ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിൽ മരത്തിൻ്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണ് റോഡരികിൽ കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ലുകൾ തകർന്നു. റോഡിനു കുറുകെ മരം വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു കാറ്റ് പലയിടങ്ങളിലും നാശം വിതച്ചപ്പോൾ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഓടിയെത്താൻ കഴിയാതിരുന്നതുമൂലം റോഡിലെ തടസ്സം നീക്കാനും താമസം നേരിട്ടു. നാട്ടുകാർ ചേർന്നാണ് ഗതാഗതതടസ്സം നീക്കിയത് ചേർപ്പുങ്കലിൽ ആശുപത്രിയിലെക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് തേക്കിൻ്റെ ശിഖരം ഒടിഞ്ഞു വീണു. ഉപ്പുതറ സ്വദേശിയുടെ ഓട്ടേറിക്ഷ ഭാഗികമായി തകർന്നു. കൂടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടത്തിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞു വീണു. കെട്ടിടത്തിന് ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചു.
വാകത്താനത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. വെട്ടിക്കലുങ്ക് ഭാഗത്ത് കാറിന് മുകളിൽ മരം വീണു. ആർക്കും അപകടം ഇല്ല.
നെടുംകുന്നം പഞ്ചായത്തിന് സമീപവും മരം റോഡിലേക്ക് വീണു ഗതാഗത തടസം നേരിട്ടു.
തോട്ടക്കാട് അമ്പലക്കവലയിലും പാമ്പാടി - കൂരോപ്പട ചെന്നാമറ്റം വട്ടുകുളം റോഡിലും മരം വീണു.
മരം ഒടിഞ്ഞുവീണ് പലയിടങ്ങളിലും കിടക്കുന്നതിനാൽ വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധവും പലയിടങ്ങളിലും വിശ്ചേദിക്കപ്പെട്ടു.
കനത്ത കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്.
0 Comments