ഇന്ന് കർക്കടകം ഒന്ന്; പുണ്യമാസത്തിൻ്റെ ആരംഭം. കോട്ടയം: ഇന്ന് കർക്കടകം ഒന്ന്. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിച്ചേരൽ ഒരുക്കുന്ന മലയാള മാസം. ഇനിയുള്ള മുപ്പതുനാള്‍ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണശീലുകള്‍ ഉയരും.
തോരാതെ മഴ പെയ്യുന്ന കർക്കടകം മലയാളികള്‍ക്ക് പഞ്ഞക്കർക്കടകവും കള്ളക്കർക്കടവുമാണ്. കർക്കടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. നീതിബോധവും ധർമ്മനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുമ്പോള്‍ അക്കഥയിലൂടെ ഒപ്പം നടത്താൻ ഒരു കർക്കടകം കൂടി ഇന്ന് പിറന്നിനിരിക്കുകയാണ്. ശ്രീരാമ-ലക്ഷ്മണന്മാർ പിതാവ് ദശരഥനായി പിതൃതർപ്പണം ചെയ്തതെന്നു കരുതുന്ന കർക്കടക വാവുബലി ഇത്തവണ 24നാണ്. രാമായണ പാരായണം, വിശേഷാല്‍ പൂജകള്‍, രാമായണ പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികള്‍ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമായി ഈ മാസം സംഘടിപ്പിച്ചിട്ടുണ്ട്.
കർക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികള്‍ കരുതുന്നത്. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കർക്കടകത്തിലാണ് തുടക്കമിടുക. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച്, ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യ സംരക്ഷണം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞി ഏറെ പ്രശ്‌സ്തമാണ്. മുക്കൂറ്റി, പുവാംകുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങള്‍ ചേര്‍ത്താണ് കര്‍ക്കടകക്കഞ്ഞി തയ്യാറാക്കുക. രോഗങ്ങളെ പ്രതിരോധിക്കാൻ മനസിനും ശരീരത്തിനും പരിചരണം നല്‍കുന്ന കാലം കൂടിയാണിത്.
'കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു' എന്നൊരു ചൊല്ലുണ്ട്. വറുതിയുടെ കാലം കടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് മലയാളികള്‍ക്ക് കർക്കടകം. കർക്കടകമാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17നാണ് ചിങ്ങം ഒന്ന്.
0 Comments