തദ്ദേശ തെരെഞ്ഞെടുപ്പിനായി 23,612 വാര്‍ഡുകള്‍. തിരു.: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പൂര്‍ത്തിയായി. ഇതോടെ സംസ്ഥാനത്തെ 23,612 വാര്‍ഡുകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങും.
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ആയിരത്തോളം പുതിയ വാര്‍ഡുകളാണ് കൂടിയത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍ 17,337 ആയാണ് വര്‍ദ്ധിച്ചത്. 87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകള്‍ 3241 ആയും ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ദ്ധിച്ചു.
2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 21,900ല്‍ നിന്നാണ് 23,612 ആയി വര്‍ദ്ധിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഇന്നലെയാണ് 14 ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് ഡീലിമിറ്റേഷനെക്കുറിച്ചുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അവസാന ഘട്ടത്തില്‍, ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എല്ലാ ഹര്‍ജിക്കാരുടെയും വാദം കേള്‍ക്കുകയും സമര്‍പ്പിച്ച എല്ലാ പരാതികളും എതിര്‍പ്പുകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് വാര്‍ഡ് ഡീലിമിറ്റേഷന്‍ നടത്തിയത്. തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം 2024 ജൂണിലാണ് പുറപ്പെടുവിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് പൂര്‍ത്തിയാക്കിയത്. ആദ്യ ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വാര്‍ഡുകള്‍, അടുത്ത ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളെയും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുമാണ് പൂർത്തിയാക്കിയത്. കരട് വിജ്ഞാപനങ്ങളില്‍ പൊതുജനാഭിപ്രായം തേടിയ ശേഷം, മെയ് 19ന് ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വാര്‍ഡ് ഡീലിമിറ്റേഷന്‍ സംബന്ധിച്ച അന്തിമ വിജ്ഞാപനങ്ങള്‍ മെയ് 27ന് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളെക്കുറിച്ചുള്ള അന്തിമ വിജ്ഞാപനം ജൂലൈ 10നും ജില്ലാ പഞ്ചായത്ത് വാര്‍ഡുകളെക്കുറിച്ചുള്ള വിജ്ഞാപനം ഓഗസ്റ്റ് 12നും പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലും തൃക്കടീരി പഞ്ചായത്തിലും വാര്‍ഡ് ഡീലിമിറ്റേഷന്‍ നടത്തിയില്ല. ഈ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡുകള്‍ 2015ല്‍ പുനഃസംഘടിപ്പിച്ചിരുന്നു.
0 Comments