ദുരൂഹതകൾ ഒഴിയുന്നില്ല, വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ഏകദേശം ഇരുപതോളം അസ്ഥിക്കഷണങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ ലഭിച്ചത്. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തു നിന്നാണ് പുതിയ കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘവും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ വിശദമായ പരിശോധന നടത്തുകയാണ്. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ നിർണ്ണായക തെളിവുകളോ ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടേകാൽ ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും പരിശോധന നടക്കും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കാനും തീരുമാനമുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കുഴിക്കേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തി. വീട്ടുവളപ്പിലെ കുളം വറ്റിക്കാനുള്ള നടപടികളും ആരംഭിച്ചു.
നേരത്തെ കണ്ടെത്തിയ 40ലധികം അസ്ഥിഭാഗങ്ങളിൽ നിന്ന് ലഭിച്ച പല്ലുകൾ അന്വേഷണത്തിൽ നിർണ്ണായകമാകുമെന്നാണ് വിവരം. ശാസ്ത്രീയ പരിശോധനയിൽ ഈ അസ്ഥികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുതിയതായി രണ്ട് സിം കാർഡുകളും വീട്ടിൽ നിന്ന് കണ്ടെടുത്തിതിട്ടുണ്ട്. സെബാസ്റ്റ്യൻ നിരന്തരം ഫോണുകളും സിം കാർഡുകളും മാറ്റുന്ന വ്യക്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. പ്രതി നിലവിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനയ്ക്ക് സഹായിക്കുന്നുണ്ട്.
ചേർത്തലയിലെ ദുരൂഹ മരണങ്ങളും തിരോധാനക്കേസുകളും അന്വേഷിക്കുന്നതിന് ഈ പരിശോധനകൾ നിർണ്ണായകമാണ്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസിന്റെ ഗതി നിർണ്ണയിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
0 Comments