കോട്ടയം സി.എം.എസ്. കോളേജിലെ തെരഞ്ഞെടുപ്പ് : കെ.എസ്.യു.വിന് വിജയം. കോട്ടയം: സി.എം.എസ്. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന് വൻവിജയം. 15ൽ 14 സീറ്റും നേടിയാണ് കെ.എസ്.യു. വിജയിച്ചത്. 37 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കെ.എസ്.യു. യൂണിയൻ പിടിച്ചെടുത്തത്.
ഇന്നലെ കോളേജിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പോലീസിന്റെ അഭ്യർത്ഥന പ്രകാരം ഇന്നത്തേക്ക് മാറ്റിറിയിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് കെ.എസ്.യു. - എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിൽ യൂണിയൻ ഇലക്ഷൻ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്. തുടർന്ന് പോലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമാക്കിയത്. വിദ്യാർത്ഥികൾക്ക് പുറമെ പുറത്തു നിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. മണിക്കൂറുകൾ നീണ്ട സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നേരിട്ടെത്തി എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമായി
നടത്തിയ ചർച്ച രാത്രിയോടെയാണ് നടന്നത്. പിന്നാലെയാണ് ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്. തുടർന്ന് ഇന്ന് രാവിലെ കോളേജ് വെബ്സൈറ്റ് വഴിയാണ് ഫലം പ്രഖ്യാപിച്ചത്.
ഫഹദ് സി. (ചെയർപേഴ്സൺ), ശ്രീലക്ഷ്മി ബി. (വൈസ് ചെയർപേഴ്സൺ), മൈക്കൽ എസ്. വർഗീസ് (ജനറൽ സെക്രട്ടറി), സൗപർണ്ണിക ടി.എസ് (ആർട്സ് ക്ലബ് സെക്രട്ടറി), അലൻ ബിജു, ജോൺ കെ. ജോസ് (യൂണി. യൂണിയൻ കൗൺസിലർമാർ), മാജു ബാബു (മാഗസിൻ എഡിറ്റർ), അഞ്ജലി എസ്., ഹൈബ എച്ച്.എസ്. (വനിത പ്രതിനിധികൾ), ആമിർ ജിബു മജീദ് (രണ്ടാം വർഷ ഡിഗ്രി പ്രതിനിധി), അൻവിൻ ബൈജു (മൂന്നാം വർഷ ഡിഗ്രി പ്രതിനിധി), ഫാത്തിമ സഹീന സി.എ. (ഒന്നാം വർഷ പിജി പ്രതിനിധി), ഇർഫാന ഇഖ്ബാൽ (രണ്ടാം വർഷ പിജി പ്രതിനിധി), സാറാ മരിയ (പി.എച്ച്.ഡി. പ്രതിനിധി) എന്നിവരാണ് വിജയിച്ച കെ.എസ്.യു. പ്രതിനിധികൾ. സാം സിജു മാത്യുവാണ് (ഒന്നാം വർഷ ഡിഗ്രി പ്രതിനിധി) വിജയിച്ച ഏക എസ്.എഫ്.ഐ. പ്രതിനിധി.
0 Comments