മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി. കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാ മറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസ് പ്രധാന കാർമികത്വത്തിൽ ഇന്നലെ വൈകുന്നേരം നടന്ന സന്ധ്യാ പ്രാർത്ഥനയോടെയാണ് നോമ്പ് ആചരണത്തിന് തുടക്കമായത്. സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് തോമസ് മോർ തിമോത്തിയോസിന്റെയും വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ ചുറ്റിവിളക്ക് തെളിച്ചു. നേർച്ചക്കഞ്ഞി, വിൽപ്പന ക്യാന്റീൻ, മാനേജ്മെന്റ് ക്യാൻ്റീൻ എന്നിവടങ്ങളിലേക്ക് വൈദികർ കൽക്കുരിശിൽ നിന്ന് ദീപം പകർന്നു നൽകി. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ച വിവിധ കൗണ്ടറുകളുടെ കൂദാശ വൈദികർ നിർവ്വഹിച്ചു. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പോലീസ് കൺട്രോൾ റൂമിൻറെ ഉദ്ഘാടനവും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവ്വഹിച്ചു.
ഇനിയുള്ള എട്ടു ദിനരാത്രങ്ങൾ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളാണ്. പള്ളിയിൽ ഭജനയിരുന്നു നോമ്പുനോറ്റും ഉപവാസമെടുത്തും പള്ളിയിൽ കഴിയാൻ നാനാജാതി മതസ്ഥരായ വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തിത്തുടങ്ങി. ഇനിയുള്ള എട്ടുദിനങ്ങളിലും മാതാവിനോടുള്ള പ്രാർത്ഥനകളും അപേക്ഷകളും ലുത്തിനിയകളും വേദവായനകളും ഒക്കെ മുഴങ്ങുന്ന ആത്മീയ അനുഭൂതിയുടെ അന്തരീക്ഷമായിരിക്കും പള്ളിയിലും പരിസരങ്ങളിലും. പ്രാർത്ഥനാപൂർവ്വം വന്നെത്തുന്നവർക്കായി ഒരു നാട് ഒന്നടങ്കം കാത്തിരിക്കുന്ന അപൂർവകാഴ്ച്ചയാണ് മണർകാട് എട്ടുനോമ്പ് പെരുന്നാളിനെ വത്യസ്തമാക്കുന്നത്.
0 Comments