Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മണ്ഡല, മകരവിളക്ക് മഹോത്സവം: ശബരിമല നട നാളെ തുറക്കും.

മണ്ഡല, മകരവിളക്ക് മഹോത്സവം: ശബരിമല നട നാളെ തുറക്കും. 
ശബരിമല: മണ്ഡല, മകരവിളക്ക് മഹോത്സവകാലത്തിനായി ശബരിമല നട നാളെ തുറക്കും. ജനുവരി 20 വരെ തുടരുന്ന തീർഥാടനത്തിനായി ശബരിമല ധർമശാസ്‌താക്ഷേത്രം നാളെ തുറക്കും. 
       ഞായറാഴ്‌ച വൈകുന്നേരം അഞ്ചിന് കണ്ഠ‌ര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്‌ത്‌ അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്‌ച പൂജകൾ ഉണ്ടാവില്ല. 
        ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്സൈറ്റ്. പ്രതിദിനം 70,000 പേർക്ക് ഓൺലൈനിൽ ബുക്കു ചെയ്യാം. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവടങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ട്.
      മണ്ഡലകാല നടതുറപ്പിന് മുന്നോടിയായി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. തിങ്കളാഴ്‌ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർത്ഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.
      ഡിസംബർ 26ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27- ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം സമാപിക്കും. ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് രാവിലെ രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം നട അടയ്ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement