Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണ്ണക്കൊള്ളകേസ്: മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.

ശബരിമല സ്വർണ്ണക്കൊള്ളകേസ്: മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.
തിരു.: ശബരിമല സ്വർണ്ണക്കൊള്ളകേസിൽ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിലായി. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
     തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ൽ വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മീഷണർ. കേസിൽ ബൈജുവിനും നിർണ്ണായക പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് വിവരം.
      സ്വർണ്ണപാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ ചുമതല ഉണ്ടായിരുന്ന തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൂക്കമുൾപ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകൾ തയ്യാറാക്കേണ്ടിയിരുന്ന കെ.എസ്. ബൈജു ഗുരുതര വീഴ്ച വരുത്തിയതായായിരുന്നു കണ്ടെത്തൽ.
      ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലുള്ള മുരാരി ബാബുവിനെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ഇരുവരെയും കസ്റ്റഡിയിൽ വേണം എന്നതാണ് എസ്ഐടി നിലപാട്. 
       മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷയിലും റാന്നി മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനം എടുക്കും. ദ്വാരപാലക കേസിൽ പ്രതിയായ ദേവസ്വം ബോർഡ്‌ മുൻ സെക്രട്ടറി ജയശ്രീ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയും പത്തനംതിട്ട സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement