രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.തിരു.: തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്ന ബലാൽസംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യത്തിനുള്ള ഹർജി തള്ളി. രണ്ട് ദിവസമായി സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയാക്കിയ ശേഷമാണ് ഇന്നു വിധി പറഞ്ഞത്.
പൊലീസിന്റെ റിപ്പോർട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമർശമാണുള്ളതെന്നാണ് വിവരം. രാഹുല്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ചാറ്റുകളുമെല്ലാം കോടതിയില്‍ ഹാജരാക്കി. ജാമ്യം അനുവദിക്കുന്ന പക്ഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, യുവതിയുടെ പരാതി വ്യാജമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. കേസിന് പിന്നില്‍ ബിജെപി - സിപിഎം ഗൂഢാലോചനയാണ്. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ ശ്രമിക്കുന്നു. സ്വർണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അറസ്റ്റിനുള്ള നീക്കം നടത്തിയതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി തനിക്ക് ദീർഘകാലമായി സൗഹൃദമുണ്ടെന്നും പക്ഷേ, യുവതി പറയുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു രാഹുലിന്റെ ഹർജിയിലെ പ്രധാന വാദം. അന്വേഷണവുമായി സഹകരിക്കുമെന്നും ഹർജിയില്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം പത്ത് വർഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. കേസെടുത്തതിനു പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു.
കഴിഞ്ഞ ദിവസം രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കെപിസിസിക്കാണ് യുവതി പരാതി നല്‍കിയത്. പരാതി പാർട്ടി പൊലീസിന് കൈമാറിയതിനെത്തുടർന്ന് ആ കേസും ഫയൽ ചെയ്തതും രാഹുലിന് വിനയായി.
0 Comments