ദീർഘദൂര യാത്രകൾക്കായി 9 അമൃത് ഭാരത് ട്രെയിനുകൾ കൂടി. ന്യൂഡൽഹി: രാജ്യത്തെ ദീർഘദൂര റെയിൽ യാത്ര കൂടുതൽ വേഗത്തിലും കുറഞ്ഞ ചെലവിലും സാധ്യമാക്കുന്ന ‘അമൃത് ഭാരത്’ ട്രെയിനുകളുടെ ശൃംഖല കേന്ദ്ര സർക്കാർ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒൻപത് പുതിയ അമൃത് ഭാരത് ട്രെയിനുകൾ വിവിധ പ്രധാന റൂട്ടുകളിൽ സർവീസ് ആരംഭിക്കും. സാധാരണ യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും കിഴക്കൻ ഇന്ത്യയെയും ദക്ഷിണേന്ത്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും പുതിയ സർവീസുകൾ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
പുതിയ അമൃത് ഭാരത് ട്രെയിൻ റൂട്ടുകൾ.
കാമാഖ്യ (ഗുവാഹത്തി) – റോഹ്തക് (15671/15672)
ദിബ്രുഗഡ് – ലഖ്‌നൗ (ഗോമതി നഗർ) (15949/15950)
ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ (20603/20604)
ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി (20601/20609)
അലിപുർദുർ – എസ്എംവിടി ബെംഗളൂരു (16597/16598)
അലിപുർദുർ – മുംബൈ (പൻവേൽ) (11031/11032)
സന്ത്രാഗച്ചി (കൊൽക്കത്ത) – താംബരം (16107/16108)
ഹൗറ – ആനന്ദ് വിഹാർ ടെർമിനൽ, ഡൽഹി (13065/13066)
സീൽദ – ബനാറസ് (22587/22588)
സാധാരണ എക്സ്പ്രസ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് അമൃത് ഭാരത് ട്രെയിനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രെയിനിന്റെ ഇരുവശത്തും ഡബ്ലിയുഎപി-5 എഞ്ചിനുകൾ ഉപയോഗിക്കുന്ന പുഷ്–പുൾ സാങ്കേതികവിദ്യയിലൂടെ വേഗത്തിൽ സ്റ്റാർട്ടും സ്റ്റോപ്പും സാധ്യമാകും. പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. ബോഗികൾ തമ്മിൽ സെമി-പെർമനന്റ് കപ്ലറുകൾഉപയോഗിക്കുന്നതിനാൽ യാത്രയ്ക്കിടെ കുലുക്കം കുറവായിരിക്കും. എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് പോയിന്റുകൾ, സിസിടിവി ക്യാമറകൾ, സെൻസർ അധിഷ്ഠിത വാട്ടർ ടാപ്പുകൾ, മോഡുലാർ ബയോ-വാക്വം ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 22 കോച്ചുകളുള്ള ട്രെയിനിൽ 12 സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളും രണ്ട് ലഗേജ് കമ്പാർട്ടുമെന്റുകളും ഉണ്ടായിരിക്കും.
കുറഞ്ഞ ടിക്കറ്റ് നിരക്കാണ് അമൃത് ഭാരത് ട്രെയിനുകളുടെ പ്രധാന ആകർഷണം. ഏകദേശം 1000 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ 500 രൂപയ്ക്കടുത്ത നിരക്കാണ് പ്രതീക്ഷിക്കുന്നത്. ഡൈനാമിക് പ്രൈസിംഗ് ഇല്ലാത്തതിനാൽ ദീർഘദൂര യാത്ര സാധാരണക്കാർക്ക് കൂടുതൽ ചെലവു കുറഞ്ഞതായിരിക്കും. പുതിയ ട്രെയിനുകൾ ആരംഭിക്കുന്നതോടെ രാജ്യത്തെ റെയിൽ കണക്ടിവിറ്റി കൂടുതൽ ശക്തമാകുമെന്നും ദീർഘദൂര യാത്രാനുഭവത്തിൽ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
0 Comments