മുണ്ടക്കൈ-ചൂരൽമല ധനസഹായം തുടരുമെന്ന് മന്ത്രി കെ. രാജൻ.തൃശൂർ: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് നൽകുന്ന ധനസഹായം തുടരുമെന്നും ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മന്ത്രി കെ. രാജന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതുവരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ മുന്‍പ് പ്രഖ്യാപിച്ചതാണ്. അത് തുടരുക തന്നെ ചെയ്യും. ധനസഹായം നൽകുന്നതിൽ മാത്രം 15.64 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വീട് നഷ്ടമായി വാടക വീട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായി 2024 ആഗസ്തിൽ 813 പേർക്ക് 6000 രൂപ വീതം വാടകപ്പണം നൽകി. പിന്നീട് സ്വന്തം വീടുകളിലേക്ക് പലരും തിരിച്ചുപോയി. ബാക്കിയുണ്ടായിരുന്ന 425 പേർക്ക് ഡിസംബർ മാസവും വാടകപ്പണം കൊടുത്തു. ഇത്രയും കാലമായി ജനങ്ങളെ സഹായിക്കുന്നതിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല, ഇനി വരുത്തുകയുമില്ല. ധനസഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന മാധ്യമ പ്രചാരണം തെറ്റാണെന്നും ബോധപൂർവ്വം ജനങ്ങൾക്കിടയിൽ ആശങ്ക പരത്താനാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദുരന്തനിവാരണ പ്രവർത്തനങ്ങളിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും അതിവേഗത്തിൽ എല്ലാവരെയും കൂട്ടിയിണക്കിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. 289 വീടുകളിൽ വാർപ്പ് പൂർത്തീകരിച്ചു. 300 വീടുകളിലേക്ക് കോൺക്രീറ്റ് ഭിത്തിയുടെ നിർമ്മാണം പൂർത്തിയായി. 312 ഇടങ്ങളിൽ ഫൗണ്ടേഷൻ പൂർണ്ണമായി. ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ പ്രാഥമികമായി മൂന്നു മാസം വരെ ദുരന്തനിവാരണ ഫണ്ടിലെ പണം ഉപയോഗിച്ച്, ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. 2024 ആഗസ്ത് മുതൽ ഈ പണം നൽകി വരുന്നുണ്ട്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ഈ തുക നൽകി. ആദ്യം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഈ തുക നൽകി. അതിനു ശേഷം ജീവനോപാധിയില്ലാതെ കഷ്ടപ്പെടുന്ന അർഹരായവരെ കണ്ടെത്തുകയും അവർക്ക് കഴിഞ്ഞ ഡിസംബർ വരെ തുക നൽകുകയും ചെയ്തു. 656 കുടുംബങ്ങളിലെ 1185 ആളുകൾക്കാണ് പണം നൽകിയത്. ജനുവരി മാസത്തിൽ നൽകാനുള്ള തുകയുടെ ഉത്തരവ് ഈ മാസം പുറത്തിറങ്ങിയാല്‍ ഉടൻ തുക നൽകുമെന്നും മന്ത്രി പറഞ്ഞു.
0 Comments