Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ നാളെ മുതല്‍ 15 വരെ.

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ നാളെ മുതല്‍ 15 വരെ. 
കോഴഞ്ചേരി: ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131-മത് മഹായോഗം നാളെ മുതല്‍ 15-ാം തീയതി വരെ പമ്പാനദിയിലെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. നാളെ ഉച്ചയ്ക്ക് 2.30ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷനും മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.
       തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംയുക്തമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30ന് ലഹരി വിമോചന സമ്മേളനവും സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള യോഗവും ക്രമീകരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4ന് യുവവേദി യോഗങ്ങള്‍ പന്തലില്‍ നടത്തുന്നതാണ്. ബുധന്‍ മുതല്‍ ശനി വരെ വൈകിട്ട് 7.30 മുതല്‍ 9 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി & ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.
       ' വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു. പൂര്‍ണ്ണസമയം സുവിശേഷ വേലയ്ക്കു സമര്‍പ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 13 വെള്ളിയാഴ്ചയും 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 14 ശനിയാഴ്ചയും രാവിലെ 7.30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
        മാരാമണ്‍ കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും അത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും. ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ രാവിലത്തെ യോഗങ്ങളിലും സ്തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. യോഗത്തില്‍ സംബന്ധിച്ച് സ്തോത്രകാഴ്ച അര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ് ഗേറ്റ് വേ സംവിധാനത്തിലൂടെ ആ സമയം തന്നെ ഓണ്‍ലൈനായി സ്തോത്രകാഴ്ച അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
        കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നുണ്ട്. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യും. കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കും. പോലീസ്, അഗ്‌നിശമനസേന, ആരോഗ്യ വകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.
         മാരാമണ്‍ മഹായോഗത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരു പരിസ്ഥിതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി ശ്രദ്ധിക്കുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു. കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഇടവകയിലെ ഇടവക മിഷന്റെ നേതൃത്വത്തില്‍ സംഘടനകളുടെ സഹകരണത്തില്‍ പള്ളികളിലും സമീപ സെന്ററുകളുടെ നേതൃത്വത്തില്‍ മാരാമണ്‍ മണല്‍പ്പുറത്തും ഒരുക്ക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടും. ജനുവരി 11നും 18നും മദ്ധ്യേ ഒരു ദിവസം ഇടവകകള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 30 മുതല്‍ ഫെബ്രുവരി 7 വരെ വൈകുന്നേരം 4.30 മുതല്‍ 6.00 വരെ ഒരുക്കപ്രാര്‍ത്ഥന മാരാമണ്‍ മണല്‍പ്പുറത്ത് സംഘടിപ്പിക്കും. 31ന് വൈകുന്നേരം 8 മുതല്‍ 8.30 വരെ സഭയിലെ എല്ലാ കുടുംബങ്ങളും സമയം വേര്‍തിരിച്ച് കണ്‍വന്‍ഷനായി പ്രാര്‍ത്ഥിക്കും. ഫെബ്രുവരി 1 ന് രാത്രി 8 ന് ഓണ്‍ലൈനായി ആഗോള പ്രാര്‍ത്ഥനസംഗമം ക്രമീകരിച്ചിട്ടുണ്ട്.
      പമ്പാനദിയിലെ മാരാമണ്‍ മണല്‍പ്പരപ്പില്‍ ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മണല്‍പ്പുറത്തേക്കുള്ള മൂന്ന് താല്ക്കാലിക പാലങ്ങളുടെ നിര്‍മ്മാണവും പൂർത്തിയായി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വലിയ മൈറ്റല്‍ സ്റ്റീല്‍ പൈപ്പുകളും ബെയ്ലിന്റെ പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗാര്‍ഡറുകളും ഉപയോഗിച്ചുള്ള ചെലവു കുറഞ്ഞ സാങ്കേതിക വിദ്യയിലാണ് പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
         കണ്‍വന്‍ഷന്റെ മലയാളം പാട്ടുപുസ്തകം 20 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലിറ്ററേറ്റ് ചെയ്ത പാട്ടുപുസ്തകം 30 രൂപ നിരക്കിലും കണ്‍വന്‍ഷന്‍ ഗാനമടങ്ങിയ പെന്‍ഡ്രൈവ് 400 രൂപ നിരക്കിലും സി.ഡി. 100 രൂപ നിരക്കിലും മാരാമണ്‍ മണല്‍പ്പുറത്ത് ലഭിക്കും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നല്‍കുന്നതും. 1888 സെപ്റ്റംബര്‍ 5ന് കല്ലിശ്ശേരി കടവില്‍ മാളികയില്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement