ശബരിമല തീര്‍ത്ഥാടനം; സമഗ്ര മാറ്റത്തിനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.തിരു.: ശബരിമല തീര്‍ത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. 2026-'27 മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായുള്ള ആദ്യ മുന്നൊരുക്ക യോഗവും കഴിഞ്ഞ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന്റെ വിലയിരുത്തലും ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്നു.
വരുന്ന മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസ് ഏപ്രില്‍ മാസത്തില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബഡ്ജറ്റ് തയ്യാറാക്കും. ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ തല്‍സമയം ആഡിറ്റ് ചെയ്യാനും തീരുമാനിച്ചു.
അടുത്ത തീര്‍ത്ഥാടന കാലത്തിലേക്കുള്ള പുതിയ സമീപനരേഖ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്‍സും എന്നിങ്ങനെ 5 ശീര്‍ഷങ്ങളിലായി വിശദമായ സമീപന രേഖയാണ് പ്രസിഡന്റ് അവതരിപ്പിച്ചത്. ഭക്തര്‍ക്കുള്ള സേവനത്തിന് പരമപ്രധാനം നല്‍കിയുള്ള സമീപന രേഖയില്‍ ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണല്‍ നിലവാരം ഉറപ്പ് വരുത്തുന്നു.
ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലായി പ്രത്യേക പരിശീലനം നല്‍കും. പ്രൊഫഷണല്‍ സമീപനം ഉറപ്പു വരുത്തുന്നതിനാണ് പരിശീലനം നല്‍കുന്നത്. ക്രൗഡ് മാനേജ്‌മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്ക്കായി കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പൊതു ബഡ്ജറ്റിന് പുറമേ ശബരിമല ഫെസ്റ്റിവലിന് മാത്രമായി പ്രത്യേകം ബഡ്ജറ്റ് തയ്യാറാക്കും. മണ്ഡല, മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും മരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ് പുതിയ സമീപനരേഖ. സന്നിധാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സൗജന്യമായി മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളും സമീപനരേഖ ഉറപ്പു നല്‍കുന്നു. വരുന്ന ദേവസ്വം ബോര്‍ഡ് യോഗങ്ങളില്‍ ആവശ്യമെങ്കില്‍ സമീപന രേഖയില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകൾ ഉണ്ടാകും.
0 Comments