10-ാം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസില്‍ 'സേവ് എ ഇയർ' (സേ) പരീക്ഷ.
തിരു.: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി 10-ാം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസില്‍ 'സേവ് എ ഇയർ'(സേ) പരീക്ഷ നടത്തും. ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാർത്ഥികള്‍ക്കാണ് അവധിക്കാലത്ത് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പർ തയ്യാറാക്കി സേ പരീക്ഷ നടത്തി അർഹരായവർക്കു സ്ഥാനക്കയറ്റം നല്‍കണമെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. മേയ് പത്തിനു മുൻപ് ഈ പരീക്ഷ ഹൈസ്കൂളുകളില്‍ നടത്തണം. നിലവില്‍ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക് വാർഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയാണ്.വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍, അതിനായി വാർഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാർഷിക പരീക്ഷ എഴുതാൻ കഴിയാത്ത എട്ടാം ക്ലാസ് വരെയുള്ളവർക്കായി സ്കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പർ തയ്യാറാക്കി വീണ്ടും പരീക്ഷ നടത്തുകയാണ് ചെയ്യുന്നത്. വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റപ്പട്ടിക മേയ് രണ്ടിന് പ്രസിദ്ധീകരിക്കണം. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശത്തിലുണ്ട്.
ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാർഷിക പരീക്ഷയില്‍ മോശം പ്രകടനം നടത്തുന്നവർ അടുത്ത ക്ലാസിലേക്കു കടക്കുംമുൻപ് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്നു വാർഷിക മൂല്യനിർണ്ണയത്തിന്റെ തുടർപ്രവർത്തനം സംബന്ധിച്ച് എസ്‌സിഇആർടി പുറത്തിറക്കിയ കരട് രേഖയില്‍ നിർദ്ദേശിച്ചിരുന്നു. ഇതിനായി അവധിക്കാലത്ത് പഠന പിന്തുണ പദ്ധതി നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിന്റെ തുടക്കമായാണ് 9-ാം ക്ലാസില്‍ ഇത്തവണ സേ പരീക്ഷ നടത്തുന്നത്. അടുത്ത അദ്ധ്യയന വർഷം മുഴുവൻ ക്ലാസിലും ഈ പദ്ധതി നടപ്പാക്കാനാണ് സാധ്യത.
0 Comments