മാസം 1440 രൂപ അധികം വേണം ! ഞങ്ങൾ എങ്ങനെ സമയത്ത് ഓഫീസിൽ എത്തും ? യാത്രക്കാർ ചോദിക്കുന്നു.
കൊച്ചി: അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ആ യാത്ര അവസാനിച്ചു. വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനോട് ഇന്നു വിടചൊല്ലി. മേയ് ഒന്നു മുതൽ സൗത്ത് ഒഴിവാക്കി എറണാകുളം ടൗൺ സ്റ്റേഷൻ വഴിയാണ് യാത്ര. വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ കാത്തിരിക്കുന്നത് വലിയ ദുരിതമെന്നാണ് ഭൂരിപക്ഷം യാത്രക്കാരുടെയും അഭിപ്രായം. അതേസമയം, പകരം ആവശ്യപ്പെട്ട മെമുവിന്റെ കാര്യത്തിൽ അധികൃതർ മൗനം വെടിഞ്ഞിട്ടില്ല.
വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ യാത്രക്കാർക്കും സംഘടനകൾക്കും പറയാനുള്ളത് കൂടി കേൾക്കാം. പുതിയ സമയക്രമം പ്രകാരം രാവിലെ 9.50ന് എറണാകുളം ടൗണിൽ വേണാടിൽ വന്നിറങ്ങുന്ന യാത്രക്കാരൻ മെട്രോ സ്റ്റേഷനിലെത്തി ബാഗ് സ്കാനും ചെക്കിങ്ങും കഴിഞ്ഞ് രണ്ടാമത്തെ നിലയിൽ എത്തുമ്പോഴേക്കും ഓഫീസ് സമയം അതിക്രമിച്ചിരിക്കും. തൃപ്പൂണിത്തുറയിൽ നിന്ന് മെട്രോയിൽ കയറിയാലും ഇതുവരെ വേണാട് സൗത്ത് സ്റ്റേഷനിൽ എത്തിക്കൊണ്ടിരുന്ന സമയത്ത് എത്തിച്ചേരാൻ സാധിക്കില്ല. മറ്റൊരു പ്രധാനകാര്യം, പണച്ചെലവ് സാധാരണക്കാരന് താങ്ങാൻ കഴിയില്ല എന്നതാണ്. മെട്രോ കാർഡ് ഉപയോഗിച്ചാൽതന്നെ തൃപ്പൂണിത്തുറയിൽ നിന്ന് സൗത്തിൽ എത്താൻ ഒരു ദിശയിലേക്ക് 24 രൂപ വേണം. സാധാരണക്കാരനെ സംബന്ധിച്ച് ദിവസവും 48 രൂപയെന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് 270 രൂപയ്ക്ക് ഒരു മാസം സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഒരാൾ തൃപ്പൂണിത്തുറയിൽ നിന്ന് കേവലം ഒരു ഒരു സ്റ്റേഷൻ പിന്നിടാൻ 1440 രൂപ അധികമായി കണ്ടെത്തണം.
ഉച്ചയ്ക്ക് 1.35ന് ഉള്ള 06769 എറണാകുളം – കൊല്ലം മെമുവിന് ശേഷം 6.15ന് മാത്രമാണ് ഇനി കോട്ടയത്തേക്ക് സൗത്തിൽ നിന്ന് സർവീസ് ഉണ്ടാവുക. നിലവിലെ മെമുവിൽ തന്നെ തിരക്ക് അസഹനീയമാണ്. വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ മെമുവിലെ യാത്ര അതിദുരിതമാകും. 12 കോച്ചുകൾ മാത്രമുള്ള മെമുവിൽ വേണാടിലെ യാത്രക്കാരെക്കൂടി ഉൾക്കൊള്ളാനാവില്ല.
രാവിലെ 6.58ന് കോട്ടയത്തു നിന്നു പുറപ്പെടുന്ന പാലരുവി കഴിഞ്ഞാൽ ഒന്നര മണിക്കൂറിന് ശേഷമാണ് വേണാട് സർവീസ് നടത്തുന്നത്. ഈ ട്രെയിനിലെ തിരക്കിന് പ്രധാനകാരണവും ഈ ഇടവേളയാണ്. പാലരുവിക്കും വേണാടിനും ഇടയിൽ മെമു വന്നാൽ ഈ പ്രശ്നങ്ങൾക്കും പരിഹാരമാകും.
രാവിലെ 6.25നു കോട്ടയത്തു നിന്നും പുറപ്പെടുന്ന 06444 കൊല്ലം എറണാകുളം മെമുവിന് ശേഷം കുറുപ്പപന്തറ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, മുളന്തുരുത്തി സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്കും പുതിയ മെമു വന്നാൽ വളരെ ആശ്വാസമാകും. പുലർച്ചെ തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള വന്ദേഭാരത് കായംകുളം കടന്നുപോയ ശേഷം കായംകുളത്തു നിന്നു പുറപ്പെടുന്ന വിധം ഒരു മെമുവിന്റെ സമയക്രമം ചിട്ടപ്പെടുത്തിയാൽ യാതൊരു തടസ്സവും കൂടാതെ സർവീസ് നടത്താനാവും. ഒമ്പതരയോടെ സൗത്തിൽ എത്തിച്ചേരാനുമാകും.
എറണാകുളം സൗത്തിലെ പ്ലാറ്റ്ഫോം ദൗർലഭ്യം പരിഹരിക്കേണ്ടത് സർവീസ് നടത്തുന്ന ട്രെയിനുകൾ ഒഴിവാക്കിയല്ലെന്നാണ് യാത്രക്കാർ പറയുന്നത്. കനത്ത പ്രഹരമാണ് ഈ മെയ് ദിനത്തിൽ റെയിൽവേ തൊഴിലാളികൾ ഉൾപ്പെടുന്ന യാത്രക്കാർക്ക് സമ്മാനിക്കുന്നത്. പ്രതിഷേധാർഹമായ ഈ തീരുമാനം റെയിൽവേ പിൻവലിക്കുകയോ മെമു അടിയന്തരമായി അനുവദിക്കുകയോ ചെയ്യണം. മെമുവിന്റെ റേക്ക് ലഭ്യമാകുന്നതു വരെ കാലതാമസം ഒഴിവാക്കാൻ പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് അംഗങ്ങൾ പറയുന്നു∙ വേണാടിനെ ഉൾക്കൊള്ളാൻ പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്. വേണാടിനെ ഉൾക്കൊള്ളാൻ പറ്റുന്ന നീളമുള്ള 1, 3, 4 പ്ലാറ്റ്ഫോമുകൾ മാത്രമാണ് സൗത്ത് സ്റ്റേഷനിൽ ഉള്ളത്. പ്ലാറ്റ്ഫോം പ്രതിസന്ധിക്ക് പ്രധാന കാരണവും ഇതാണ്. എന്നാൽ, മെമുവിന് ഈ പ്ലാറ്റ്ഫോം ദൗർലഭ്യം ബാധിക്കില്ല. ആറു പ്ലാറ്റ്ഫോമുകളും പ്രയോജനപ്പെടുത്താനാവും. ഒരു പ്ലാറ്റ്ഫോമിൽ 2 മെമു വരെ എറണാകുളം സൗത്തിൽ നിലവിൽ അനുവദിക്കാറുമുണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
0 Comments