ശ്രീരാമനവമി ആഘോഷം ഏപ്രിൽ 28ന്.
കോട്ടയം: 2024ലെ ശ്രീരാമനവമി ആഘോഷവും പരിപ്പ്, മാതംഗീ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഇരുപത്തിരണ്ടാം വാർഷികവും ഏപ്രിൽ മാസം 28 ഞായറാഴ്ച, പരിപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ശിവശക്തി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കലാസപര്യയിൽ ദീർഘകാലം വ്യാപരിച്ച കർണ്ണാടകസംഗീതജ്ഞർ ശ്രീ നെടുങ്കുന്നം വാസുദേവൻ, മൃദംഗവാദനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മൃദംഗവിദ്വാൻ ശ്രീ കലാമണ്ഡലം കൃഷ്ണൻകുട്ടി ആശാൻ എന്നിവരെ ഗുരുപൂജ അർപ്പിച്ച് ആദരിക്കും. ഘടം വാദനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഘടം വിദ്വാൻ ശ്രീ കുമരകം ഗണേശ് ഗോപാലിന് നാദലയ ജ്യോതി പുരസ്കാരവും കുച്ചിപ്പുടി നൃത്തരംഗത്ത് വിസ്മയകരമായ പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന ഡോ. പത്മിനി കൃഷ്ണൻ നമ്പൂതിരിയ്ക്ക് നാട്യകലാജ്യോതി പുരസ്കാരവും നൽകി അനുമോദിക്കും. 2023ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ പ്രശസ്ത വയലിനിസ്റ്റ് തിരുവിഴ വിജു എസ്. ആനന്ദ്, ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ ത്രീ ടൈറ്റിൽ വിന്നർ കുമാരി നിവേദിത എസ്., ബിഎസ്‌സി കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഗോൾഡ് മെഡലോടു കൂടി ഒന്നാം റാങ്ക് നേടിയ കുമാരി ഹരിപ്രിയ, ബർമിങ്ഹാം അലബാമ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടു കൂടി കെമിസ്ട്രിയിൽ പിഎച്ച്ഡി ചെയ്യുന്ന കുമാരി പാർവതി ബാബു, ബിഎഎംഎസ് പരീക്ഷയിൽ മികവുറ്റ വിജയം കരസ്ഥമാക്കിയ ഡോ. സഞ്ജയ് വിനോദ്, സയൻസ് ഒളിമ്പ്യാഡ് ഫസ്റ്റ് റാങ്ക് - ഗോൾഡ് മെഡൽ നേടിയ മാസ്റ്റർ യുവാൻ സുബ്രഹ്മണ്യം എന്നിവരെ അനുമോദിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ ഉത്ഘാടനം ചെയ്യും. പഞ്ചരത്ന കീർത്തനാലാപനം, ഗുരുപൂജാ പുരസ്കാരം സമർപ്പണം, കെ.എസ്. സത്യമൂർത്തി - ഗോപി കൊടുങ്ങല്ലൂർ അനുസ്മരണം, പ്രശസ്ത സംഗീതജ്ഞരും കലാകാരന്മാരും പങ്കെടുക്കുന്ന സംഗീതാരാധന, ശ്രീമതി മാതംഗി സത്യമൂർത്തിയും നാദസ്വര വിദ്വാൻ മരുത്തോർവട്ടം ബാബുവും നയിക്കുന്ന ജുഗൽബന്ധി തുടങ്ങിയ പരിപാടികളും ഉണ്ടാവും.
0 Comments