Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, ഇനിയാണ് വികസന കുതിപ്പ്; സിപിഎം ബാങ്കുകള്‍ കൊള്ളയടിക്കുന്നുവെന്നും മോദി.

പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, ഇനിയാണ് വികസന കുതിപ്പ്; സിപിഎം ബാങ്കുകള്‍ കൊള്ളയടിക്കുന്നുവെന്നും മോദി.


തൃശ്ശൂർ: കഴിഞ്ഞ പത്ത് വർഷം ഇന്ത്യ കണ്ടത് എൻഡിഎ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയുള്ള വർഷങ്ങളിലാണ് ബിജെപിയുടെ വികസനത്തിന്റെ യഥാർത്ഥ കുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി. കുന്ദംകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

        മലയാള വർഷാരംഭത്തിൽ കേരളത്തിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വർഷമായി മാറാൻ ബിജെപിക്ക് വോട്ട് നൽകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ ആവർത്തിച്ചായിരുന്നു മോദിയുടെ വോട്ടഭ്യർത്ഥന.

         മഹാമാരികളുടെ വാക്സിനുകൾ നമ്മൾ സ്വയം നിർമ്മിച്ചു, വിദേശത്ത് പ്രശ്നങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയർത്തി നിൽക്കുന്നു. മോദി സർക്കാർ ഇതുവരെ ചെയ്ത ഇത്തരം പ്രവർത്തനങ്ങളെല്ലാം കണ്ട് നിങ്ങൾ അദ്ഭുതപ്പെട്ടിരിക്കുകയാകും. എന്നാൽ, ഇതുവരെ നിങ്ങൾ കണ്ടത് ട്രെയിലർ മാത്രമാണ്. വരും വർഷങ്ങളിലാണ് വികസനത്തിന്റെ യഥാർത്ഥ മുഖം നിങ്ങൾ കാണാൻ പോകുന്നതെന്ന് മോദി പറഞ്ഞു

          പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് കേരളം. എന്നാലിവിടെ വിനോദസഞ്ചാര മേഖല വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല. വരും വർഷങ്ങളിൽ കേരളത്തിന്റെ പാരമ്പര്യത്തെ അന്തർദേശീയവത്കരിക്കും. അടുത്ത അഞ്ചു വർഷങ്ങൾ വികസനത്തിനും സംസ്കാരത്തിനുമാണ് പ്രാധാന്യം നൽകുന്നത്. കേരളത്തിനും ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും മോദി പറഞ്ഞു.

          ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എക്സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. അവർക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകൾ വെച്ചുനൽകും.

         കേരളസർക്കാരിനെ നിശിതമായി വിമർശിച്ച മോദി സിപിഎം. സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്നും ആരോപിച്ചു. കരിവന്നൂർ കേസ് എടുത്തു പറഞ്ഞായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. സിപിഎം സാധാരണക്കാരുടെ പണം കൊള്ളയടിച്ചു. ദരിദ്രരുടെ പണം പോലും തിരികെ കിട്ടാത്ത അവസ്ഥ. പലരുടേയും മക്കളുടെ കല്യാണം മുടങ്ങി. സാധാരണ ജനങ്ങളുടെ സങ്കടങ്ങൾ പറഞ്ഞ് ആലത്തൂരിലെ സ്ഥാനാർത്ഥി നേരിട്ട് വിളിച്ചു. കരഞ്ഞുകൊണ്ടാണ് അവർ കാര്യങ്ങൾ പറഞ്ഞതെന്നും മോദി പറഞ്ഞു.

          മുഖ്യന്ത്രി ജനങ്ങളെ പറഞ്ഞു പറ്റിച്ചുവെന്നും മോദി ആരോപിച്ചു. കരുവന്നൂരിൽ സിപിഎം മുഖ്യമന്ത്രി കഴിഞ്ഞ മൂന്നു വർഷമായി നുണ പറയുകയാണ്. തട്ടിപ്പുകാരെ മോദിസർക്കാർ വെച്ചുപൊറുപ്പിക്കില്ല. സഹകരണ തട്ടിപ്പിലെ കാരണക്കാരെ വെറുതെ വിടില്ല. സാധാരണക്കാരുടെ പണം തിരികെ നൽകാൻ മോദി സർക്കാർ ഏതറ്റം വരെയും പോകും.

            വികസന കാര്യങ്ങളിൽ കേരളത്തിലെ സർക്കാരിന് വേഗതയില്ല. കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ താൽപര്യമില്ല. തട്ടിപ്പിലും വെട്ടിപ്പിലും മാത്രമാണ് അവരുടെ കണ്ണ്. ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം നശിച്ചത് ഇങ്ങനെയാണ്. കേരളത്തിലും വൈകാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗതി അതുതന്നെയാകും. എല്ലാം നശിപ്പിക്കുന്നതാണ് ഇടതിന്റെ നയം. പിന്നെ അക്രമം, കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ കൂടിവരികയാണ്. കോളേജുകളിൽ പോലും വിദ്യാർത്ഥികൾ സുരക്ഷിതരല്ല. പരസ്യമായി രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നു. കേരളത്തിൽ അക്രമം സാധാരണ സംഭവമാകുന്നുവെന്നും മോദി ആരോപിച്ചു.

        കേരളസർക്കാർ ജലജീവൻ പദ്ധതി നടപ്പിലാക്കിയത് മോശമായിട്ടാണെന്നും അതുകൊണ്ടാണ് കേരളത്തിൽ കുടിവെള്ളത്തിന് ദൗർലഭ്യം നേരിടേണ്ടി വരുന്നതെന്നും മോദി ആരോപിച്ചു. ഗുജറാത്തിലൊ രാജസ്ഥാനിലോ കുടിവെള്ളപ്രശ്നം ഉണ്ടാകുന്നത് ആരിലും അമ്പരപ്പുളവാക്കില്ല. കാരണം അതൊക്കെ വരണ്ട പ്രദേശങ്ങളാണ്. എന്നാൽ, കേരളം അങ്ങനെയല്ല. ഇത്രയും പച്ചപ്പും ജലസ്രോതസുകളും ഉള്ള ഒരു നാട്ടിൽ എന്തുകൊണ്ടാണ് കുടിവെള്ളത്തിന് ദൗർലഭ്യം ഉണ്ടാകുന്നത് ? അതിവിടെ കാലങ്ങളായി ഭരിക്കുന്ന സർക്കാരിന്റെ വീഴ്ചയാണ്. മോദി സർക്കാരിന് ഇതിന് പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

          കോൺഗ്രസ് പാർട്ടിക്കെതിരെയും രാഹുൽ ഗന്ധിക്കെതിരെയും മോദി ആഞ്ഞടിച്ചു. കോൺഗ്രസിലെ വലിയ നേതാവ് കേരളത്തെ കേന്ദ്രമാക്കുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത്. രാജ്യത്തെ നിരോധിക്കപ്പെട്ട പാർട്ടികളുടെ പിന്തുണ വാങ്ങിയാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുന്നത്. ബിജെപിക്കെതിരെ മാത്രമേ ഈ നേതാവ് സംസാരിക്കൂ. കേരളത്തിലെ ഇടതുപക്ഷത്തിനെതിരെയോ, സംസ്ഥാനത്ത് അവർ നടത്തിയ സഹകരണ കൊള്ളയെക്കുറിച്ചോ അദ്ദേഹം മിണ്ടില്ല. കാരണം കേരളത്തിന് പുറത്ത് ഈ രണ്ടു പാർട്ടികളും ഒന്നാണ് - മോദി പറഞ്ഞു.

       ഇടതും വലതും കുടുംബാധിപത്യക്കാരാണ്. കേരളത്തിലെ ജനങ്ങൾ ഈ രണ്ടു മുന്നണികളെയും സൂക്ഷിക്കണം. കേരളത്തിൽ മാത്രമേ ഇവർ രണ്ടു ചേരിയിലുള്ളൂ, ഡൽഹിയിലെത്തിയാൽ ഇവർ ഒരേ മുന്നണിയുടെ ആൾക്കാരാണ്. കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാണ് അവർ ശ്രമിക്കുന്നത്. നിങ്ങൾ ആ ചതിയിൽ വീഴരുത്. പകരം കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പാർലമെന്റിൽ തന്നെ സഹായിക്കാനായി കേരളത്തിലെ എല്ലാ എൻഡിഎ സ്ഥാനാർത്ഥികളേയും വിജയിപ്പിച്ച് ഡൽഹിയിലേക്ക് അയക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement