ചരിത്രത്തിലാദ്യമായി തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചു.
തൃശൂർ: തൃശൂർ രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിർത്തിവച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനം.
രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.
തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30ന് നടത്താൻ തീരുമാനിച്ചു. പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താൻ തയ്യാറാവുകയായിരുന്നു തിരുവമ്പാടി ദേവസ്വം. രാവിലെ തന്നെ വെടിക്കെട്ട് നടത്തുമെന്നാണ് തിരുവമ്പാടി അറിയിച്ചിരിക്കുന്നത്. പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടിയും വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. 15 മിനിറ്റ് വ്യത്യാസത്തില്‍ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് കെ രാജൻ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ പന്തലിലെ അണച്ച ലൈറ്റ് തെളിയിച്ചു.
വെടിക്കെട്ടിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തി എന്നാരോപിച്ചാണ് പൂരം നിർത്തിവെച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു. തുടർന്നാണ് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവെച്ചത്.
വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാല്‍, വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പില്‍ വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.
പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂര പറമ്പില്‍ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടില്‍ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്.
0 Comments