മീരയും സബിതയും ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍; മലയാളി നഴ്സുമാർക്ക് ഇസ്രായേലിൻ്റെ ആദരവ്.
ന്യൂഡല്‍ഹി: ആക്രമണത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി വൃദ്ധ ദമ്പതികളെ രക്ഷിച്ച മലയാളി നേഴ്‌സുമാരെ ആദരിച്ച് ഇസ്രയേല്‍. കണ്ണൂര്‍ കീഴപ്പള്ളി സ്വദേശി സബിത, കോട്ടയം പെരുവ സ്വദേശി മീര എന്നിവരെയാണ് ആദരിച്ചത്. ഇസ്രയേല്‍ ദേശീയ ദിനാഘോഷത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് വിളിച്ചു വരുത്തിയാണ് ഇരുവരേയും ആദരിച്ചത്.
രാജ്യം യുദ്ധസമാനമായ സാഹചര്യം നേരിടുമ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും വൃദ്ധരായ ഇസ്രയേല്‍ ദമ്പതികളെ രക്ഷിച്ച ഇരുവരോടുമുള്ള നന്ദി അറിയിക്കുകയാണ്. സബിതയും മീരയും ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ ആണ്. ഇസ്രയേല്‍ ജനതയ്‌ക്ക് തന്നെ അഭിമാനമാണ് ഇരുവരും. ഭാരതീയരുടെ ഈ ധീര പ്രവൃത്തിയെ അനുമോദിക്കുന്നതായും ഭാരതത്തിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍ പറഞ്ഞു.
ഭാരതത്തിലെ ഇസ്രയേല്‍ എംബസിയാണ് ഇസ്രയേലിന്റെ ദേശീയ ദിനം സംഘടിപ്പിച്ചത്. സബിതയേയും മീരയേയും അഭിനന്ദിച്ചു കൊണ്ടുള്ള ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ പ്രത്യേക വീഡിയോ സന്ദേശവും ഭാരതത്തിന്റേയും ഇസ്രയേലിന്റെയും ദേശീയഗാനങ്ങളും ചടങ്ങില്‍ ആലപിച്ചു. ഭാരത വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ചടങ്ങില്‍ വിശിഷ്ട അതിഥിയായി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രയേല്‍- ഗാസ അതിര്‍ത്തിയിലെ കിബൂറ്റ്സില്‍ കെയര്‍ വര്‍ക്കേഴ്സായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. താമസിക്കുന്ന വീട് ഭീകരർ വളഞ്ഞെന്ന് അറിഞ്ഞതോടെ ഒപ്പമുള്ള ഇസ്രയേല്‍ വൃദ്ധദമ്പതിമാരുമായി വീട്ടിലെ സുരക്ഷാ റൂമില്‍ ഒളിക്കുകയായിരുന്നു. ഭീകര സംഘാംഗങ്ങള്‍ ഈ റൂമിന്റെ ഇരുമ്പുവാതില്‍ വെടിവെച്ച് തകര്‍ക്കാനും തള്ളിത്തുറക്കാനും ശ്രമിച്ചെങ്കിലും ഇരുവരും മണിക്കൂറുകളോളം വാതില്‍ അടച്ചുപിടിച്ചു നിന്നു. ഇവരുടെ പാസ്‌പോര്‍ട്ടും സ്വര്‍ണ്ണവും പണവുമുള്‍പ്പടെ സകല സാധനങ്ങളും അക്രമികൾ കൊണ്ടുപോയി. കൊണ്ടുപോകാന്‍ സാധിക്കാത്ത സാധനങ്ങളെയെല്ലാം നശിപ്പിച്ചാണവര്‍ കടന്നുകളഞ്ഞത്. എംബസിയുടെ സഹായത്തോടെയാണ് സബിതയും മീരയും സ്വന്തം നാട്ടിൽ തിരിച്ചെത്തിയത്.
0 Comments