റേഷൻ വാങ്ങുമ്പോഴും ഇനി മുതൽ സെസ്സ് കൊടുക്കണം.
തിരു.: ക്ഷേമപദ്ധതികള്‍ക്കുള്ള തുക മുഴുവന്‍ സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കാന്‍ സര്‍ക്കാര്‍. വിലയക്കയറ്റത്തിലും വിവിധ തരത്തിലുള്ള നികുതി വര്‍ദ്ധനകളിലും സെസ് പിരിവിലും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് മറ്റൊരു ഇരുട്ടടി കൂടി വരുന്നു. മുന്‍ഗണനേതര വിഭാഗങ്ങളായ നീല, വെള്ള റേഷന്‍ കാര്‍ഡുടമകളില്‍ നിന്ന് റേഷന് പ്രതിമാസം ഒരു രൂപ വീതം സെസ് പിരിക്കാനാണ് പുതിയ നീക്കം. റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടാണ് ഒരു രൂപ 'വെല്‍ഫെയര്‍ ഫണ്ട് സെസ്' ഇനത്തില്‍ ഈടാക്കുക.
ഭക്ഷ്യപൊതുവിതരണ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. നിയമ, ധനവകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതോടെ സെസ് പ്രാബല്യത്തില്‍ വരും. 2022ല്‍ ഇത്തരമൊരു നീക്കം ഉണ്ടായെങ്കിലും ജനരോഷം ഭയന്ന് ധനവകുപ്പ് ഫയല്‍ മടക്കുകയായിരുന്നു.
മറ്റു ക്ഷേമനിധി ബോര്‍ഡുകളില്‍ അംശാദായത്തിനൊപ്പം നിശ്ചിത വിഹിതം സര്‍ക്കാറും നിക്ഷേപിക്കാറുണ്ടെങ്കിലും 24 വര്‍ഷമായി റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡിലേക്ക് ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പകരം 14,161 വ്യാപാരികളില്‍ നിന്ന് പ്രതിമാസം 200 രൂപ ഈടാക്കുകയാണ്. ഇതിന് പരിഹാരം കാണാനാണ് സാധാരണക്കാരെ പിഴിയാനൊരുങ്ങുന്നത്. ക്ഷേമനിധി അംഗത്തിന് പെന്‍ഷനായി 1500 രൂപയും മാരകരോഗം വന്നാല്‍ (ഒരു തവണ) പരമാവധി 25,000 രൂപയുമാണ് നല്‍കുന്നത്. 1564 പേരാണ് നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നത്. പെന്‍ഷന്‍ നല്‍കാന്‍ മൂന്നു മാസം കൂടുമ്പോള്‍ 80 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. ചികിത്സാസഹായമായി 23 ലക്ഷവും നല്‍കാനുണ്ട്. പുറമെ, റേഷന്‍ കട മതിയാക്കിയവര്‍ക്ക് അംശാദായം തിരികെ കൊടുക്കുന്നതിന് ഒരു കോടിയോളം രൂപയും വേണം. പെന്‍ഷനും ചികിത്സാ സഹായങ്ങളും മുടങ്ങിയതോടെ ക്ഷേമനിധി ബോര്‍ഡിലേക്ക് ഇനി പണമടയ്ക്കില്ലെന്ന് വ്യാപാരികള്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ കൊള്ള. സംസ്ഥാനത്ത് 22,65,322 നീല കാര്‍ഡും 29,63,331 വെള്ള കാര്‍ഡുമടക്കം 52,28,653 കാര്‍ഡുകളാണ് മുന്‍ഗണനേതര വിഭാഗത്തിലുള്ളത്.
സര്‍ക്കാര്‍ നേരിടുന്ന വന്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിന് പകരം വീണ്ടും ജനങ്ങളുടെ മേല്‍ വീണ്ടും വീണ്ടും ഭാരം അടിച്ചേല്‍പ്പിക്കുകയാണ് കേരള സർക്കാർ.
0 Comments