മൂന്നാം റെയിൽപ്പാത: ഭാരതപ്പുഴയിൽ പുതിയ പാലത്തിനായി 42 കോടി വകയിരുത്തി.
തൃശ്ശൂർ: സംസ്ഥാനത്തെ റെയിൽ വികസനത്തിന്റെ പുതിയ തുടക്കം ഷൊർണൂരിൽ നിന്നാനായേക്കും. ഭാരതപ്പുഴയിൽ ഇരട്ടപ്പാതയുള്ള പാലം നിർമ്മിക്കാനായി 42 കോടി രൂപ ആദ്യഘട്ടത്തിൽ റെയിൽവേ കണക്കാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ റെയിൽപ്പാതകളുടെ സംഗമസ്ഥാനമെന്ന് വിളിക്കാവുന്ന ഷൊർണൂർ മേഖല നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. കേരളത്തിലെ റെയിൽ ഗതാഗതത്തിനിടെ ഏറ്റവുമധികം സമയം നഷ്ടപ്പെടുന്നത് ഈ മേഖലയിലാണ്. വള്ളത്തോൾ നഗറിലും ഷൊർണൂരിലുമായി പിടിച്ചിടാത്ത തീവണ്ടികൾ ചുരുക്കമാണ്. പാതയുണ്ടെങ്കിലും ഒരു വണ്ടി കടത്തിവിട്ട ശേഷമേ അടുത്തത് വിടാനാകൂ എന്നസ്ഥിതിയാണുള്ളത്. വേഗത്തിന്റെ കാര്യത്തിലും ഈ മേഖല ഏറെ പിന്നിലാണ്. വള്ളത്തോൾ നഗർ-ഷൊർണൂർ സ്റ്റേഷനുകൾക്കിടയിലെ ദൂരം നാല് കിലോമീറ്റർ മാത്രമാണെങ്കിലും ചുരുങ്ങിയത് 10 മിനിറ്റുവേണം ഇവിടം കടക്കാൻ. ചുരുക്കത്തിൽ ഒറ്റവരിപ്പാതയുടെ ഗുണംപോലും ഈ മേഖലയിലില്ല.
അതേസമയം, ഷൊർണ്ണൂരിൽ ട്രയാങ്കുലർ സ്റ്റേഷൻ എന്ന ആവശ്യത്തിന് ഇപ്പോഴും പച്ചക്കൊടി വീശിയിട്ടില്ല. കേരളത്തിലെ എംപിമാർ അതിനൊട്ടു ശ്രമിക്കുന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. അയൽ സംസ്ഥാനത്തെ എംപിമാർ രാഷ്ട്രീയത്തിനപ്പുറം റെയിൽ മേഖലയിലെ വികസനത്തിനായി ഒന്നിച്ചു നിന്ന് പലതും നേടിയെടുക്കുമ്പോൾ, കേരളത്തിൻ്റെ കയ്യിലിരിക്കുന്നതു കൂടി കവർന്നെടുക്കുന്ന സാഹചര്യമാണുള്ളത്.
ഷൊർണ്ണൂരിൽ ട്രയാങ്കുലർ സ്റ്റേഷൻ നിർമ്മിച്ചാൽ മേഖലയിലൂടെ കടന്നു പോകുന്ന എല്ലാ വണ്ടികൾക്കും ഇവിടെ സ്റ്റോപ്പ് നൽകാനാവും. എൻജിൻ മാറ്റിപ്പിടിപ്പിക്കൽ പൂർണ്ണമായും ഒഴിവാക്കാം. പല വണ്ടികൾക്കും പരസ്പരം കണക്ഷൻ കിട്ടുന്നതോടെ യാത്രക്കാർക്ക് ഉപകാരവുമാകും. മൂന്നാംപാതയുടെ സർവേ പുരോഗമിക്കുമ്പോൾ പല മേഖലകളിലും നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കില്ല. പലയിടത്തും നിലവിലെ പാതയിൽ നിന്ന് ഒരു കിലോമീറ്റർ വരെ മാറിയാണ് സർവേ നടക്കുന്നത്. വളവുകളും ചെരിവുകളും നിവർത്തുകയെന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞും ജനവാസപ്രദേശങ്ങളിൽ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോഴുള്ള പ്രതിഷേധം ഒഴിവാക്കാനുമാണിത്. ഭാരതപ്പുഴയിൽ നിലവിലെ പാലത്തിനോടു ചേർന്നുതന്നെയാകും പുതിയ പാലവും നിർമ്മിക്കുക. ഒരു പാലത്തിൽ തന്നെ ഇരുവശത്തേക്കുമായി മൂന്നും നാലും പാതകളാകും നിർമ്മിക്കുക.
0 Comments