കാസർകോട് വെടിക്കെട്ടപകടം; വെടിക്കെട്ട് നടത്തുന്നതിനായി അനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍. എട്ട് ഭാരവാഹികൾക്കെതിരെ കേസ്.
കാസർകോട്: വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതി ഉണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ.വി. ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്ക് എതിരെയാണ് കേസ്. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി നൂറിലധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി എന്നീകാര്യങ്ങള്‍ എഫ്‌ഐആറില്‍ ഉന്നയിക്കുന്നു. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.
സംഭവത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടായത്. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപത്ത് നിരവധി പേര്‍ തെയ്യം കാണുന്നതിനായി നിന്നിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടത്.
0 Comments