കോട്ടയം വഴിയുള്ള പുതിയ മെമു ട്രെയിൻ ഒക്ടോബർ ഏഴു മുതൽ.
കോട്ടയം: കോട്ടയം വഴിയുള്ള തീവണ്ടി പാതയിലെ യാത്രാ തിരക്കുകൾക്ക് പരിഹാരമാകുന്നു. പുതിയ മെമു ട്രെയിൻ സർവ്വീസ് ഒക്ടോബർ ഏഴു മുതൽ ആരംഭിക്കും. കൊല്ലം മുതൽ എറണാകുളത്തേക്ക് പോകുന്ന സ്ഥിരം യാത്രക്കാർക്ക് സൗകര്യമൊരുക്കും വിധമാണ് പുതിയ സർവ്വീസ് ക്രമീകരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസം രാവിലെ 06.15ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ 09.35ന് എത്തുന്ന വിധമാണ് സമയക്രമം. കോട്ടയം - എറണാകുളം പാതയിലെ ആയിരക്കണക്കിന് തീവണ്ടി യാത്രക്കാരുടെ വൻതിരക്ക് പരിഗണിച്ചാണ് പുതിയ മെമു സർവീസ് റെയിൽവേ അനുവദിച്ചിരിക്കുന്നത്.
രാവിലെ പാലരുവി, വേണാട് എക്സ്പ്രസുകൾ തമ്മിലുള്ള ഒന്നര മണിക്കൂർ ഇടവേളയിലാകും തിങ്കൾ മുതൽ വെള്ളി വരെ പുതിയ ട്രെയിൻ ഓടുക. കൊല്ലം - കോട്ടയം - എറണാകുളം പാതയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജോലിക്കാർ ഉൾപ്പെടുന്നവർക്ക് സഹായകമാകും വിധം പുതിയ സർവ്വീസ് അതിവേഗം അനുവദിക്കണമെന്ന
കൊടുക്കുന്നിൽ സുരേഷ് എംപി, കെ.ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ ജനപ്രതിനിധികളുടെ സമ്മർദ്ദത്തിനൊടുവിലാണ് മെമു ട്രെയിൻ ലഭിച്ചിരിക്കുന്നത്.
പുതിയ വണ്ടി, വേണാടിന് സ്റ്റോപ്പ് ഇല്ലാത്ത മറ്റു സ്റ്റേഷനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്കും വലിയ അളവിൽ പരിഹാരമാകുമെന്ന് യാത്രക്കാരുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിച്ച ഫ്രണ്ട്സ് ഓൺ റെയിൽ എക്സിക്യൂട്ടീവ് മെമ്പറുമാരായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവരും അഭിപ്രായപ്പെട്ടു. കഴിഞ്ഞയിടെ വേണാട് ട്രെയിനിലെ തിരക്ക് മൂലം നിരവധി സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ സന്ദർശിച്ച് കൊല്ലം - എറണാകുളം പാതയിലെ യാത്രാക്ലേശം ബോധ്യപ്പെടുത്തി. തുടർന്ന് പുതിയ മെമു സർവീസ് നടത്തുന്നതിന് ആവശ്യമായ പ്രാരംഭ നടപടികൾ തുടങ്ങിയത്. ഒക്ടോബർ 7ന് നടക്കുന്ന ഉദ്ഘാടന യാത്രയിൽ കൊടിക്കുന്നിൽ സുരേഷ് എംപി കൊല്ലം മുതൽ എറണാകുളം വരെ യാത്രക്കാരോടൊപ്പം മെമുവിൽ യാത്ര ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
0 Comments