കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഷേധം. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലറായി മോഹനൻ കുന്നുമ്മലിനെ നിയമിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. നിരവധി വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
സംഘപരിവാർ അനുകൂല ചെയറായ സനാതന ധർമ്മപീഠത്തിൻ്റെ കെട്ടിട ശിലാസ്ഥാപനത്തിനാണ് ഗവർണ്ണർ ക്യാമ്പസിലെത്തിയത്. ഗവർണ്ണർക്കെതിരെ പ്രതിഷേധം ഉയർത്തി, ക്യാമ്പസിൽ എസ്എഫ്ഐ കെട്ടിയ 'സങ്കി ചാൻസിലർ ഗോബാഗ്' ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് പലവട്ടം അഴിച്ചു മാറ്റി. എന്നാൽ, പ്രകടനമായെത്തിയ പ്രവർത്തകർ വീണ്ടും ബാനറുകൾ ഉയർത്തി. എസ്എഫ്ഐ കേന്ദ്ര കമ്മറ്റിയംഗം ഇ. അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ. ഹരിമോൻ, നസീഫ്, പി. അക്ഷര തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
അതേസമയം വിദ്യാർത്ഥികളുടെ സൗകര്യം ഉപയോഗപ്പെടുത്തി പുറത്തു നിന്നുള്ളവരാണ് പ്രതിഷേധത്തിന് പിന്നിലെന്നായിരുന്നു ഗവർണ്ണറുടെ പ്രതികരണം.
0 Comments