രണ്ടര കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോ ക്ലോറൈഡ് വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 11 വർഷം കഠിനതടവും 1,25,000 രൂപ വീതം പിഴയും.
കൊച്ചി: കൊച്ചിയിൽ നിന്നും വിദേശത്തേക്ക് 2.5 കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോ ക്ലോറൈഡ് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 11 വർഷം കഠിന തടവും 1,25,000 രൂപ വീതം പിഴയും.
2018 ഫെബ്രുവരിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സമീപത്തു നിന്നും മാരുതി ആൾട്ടോ 800 കാറിൽ സിന്തറ്റിക് മയക്കുമരുന്ന് ആയ 2.5 കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോ ക്ലോറൈഡ് വിദേശത്തേക്ക് കടത്തുന്നതിനായി കൊണ്ടുപോയത് അതിസാഹസികമായി എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കേസിലെ പ്രതികളായ പാലക്കാട് മണ്ണാർക്കാട് താലൂക്കിൽ കരിമ്പ വില്ലേജിൽ കൈപ്പുള്ളി വീട്ടിൽ അലവി മകൻ തേനു എന്ന് വിളിക്കുന്ന ഫൈസൽ (40/24), പാലക്കാട് മണ്ണാർക്കാട് താലൂക്കിൽ കരിമ്പ വില്ലേജിൽ തട്ടായിൽ വീട്ടിൽ അലവി മകൻ അബ്ദുൾ സലാം (40/24) എന്നിവർക്കാണ് കോടതി 11 വർഷം കഠിന തടവും 1,25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവും ശിക്ഷ വിധിച്ചത്.
സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും കോടികൾ വില വരുന്നതുമായ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. തുണികൾ നിറച്ച ട്രോളി ബാഗിൽ അതിവിദഗ്‌ധമായി രഹസ്യ അറകൾ നിർമ്മിച്ച് അതിനുള്ളിൽ സ്കാനിംഗിൽ പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പർ കൊണ്ട് പൊതിഞ്ഞ് മെത്താംഫിറ്റാമിൻ ഹൈഡ്രോ ക്ലോറൈഡ് പാക്ക് ചെയ്ത് ആണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. പ്രതികൾ എംഡിഎംഎ ആണെന്ന വ്യാജേനയാണ് മെത്താംഫിറ്റാമിൻ ഹൈഡ്രോ ക്ലോറൈഡ് വിദേശത്ത് കച്ചവടം നടത്തിയരുന്നത്. ആ കാലഘട്ടത്തിൽ ദേശീയതലത്തിലും മാധ്യമങ്ങളിലും വളരെയധികം ചർച്ചാവിഷയമായിരുന്ന കേസ് ആയിരുന്നു ഇത്. കേസ് അന്വേഷിക്കുന്നതിന് എക്സൈസ് ഡിപ്പാർട്ട്മെന്റ് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുലേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രത്യേക സംഘം തന്നെ രൂപീകരിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പതിമൂന്നോളം സാക്ഷികളെ വിസ്തരിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. സർക്കാറിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി. മാധ്യമപ്രവർത്തകർ ഉൾപ്പെടെ സാക്ഷിയായ കേസിൽ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്‌ജി വി.പി.എം. സുരേഷ് ബാബുവാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
0 Comments