Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് 5000ത്തോളം അനധികൃത ഹോം സ്റ്റേകള്‍; പൂട്ടിടാനൊരുങ്ങി സര്‍ക്കാര്‍.

സംസ്ഥാനത്ത് 5000ത്തോളം അനധികൃത ഹോം സ്റ്റേകള്‍; പൂട്ടിടാനൊരുങ്ങി സര്‍ക്കാര്‍.


തിരു.: സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍ക്ക് പൂട്ടുവീഴും. സര്‍ക്കാര്‍ അംഗീകാരം ഇല്ലാതെ ഹോം സ്റ്റേ എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടനെയുണ്ടാകും. കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
      സംസ്ഥാനത്ത് 939 ഹോം സ്റ്റേകള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരമുള്ളത്. എന്നാല്‍ 5000ത്തോളം ഹോം സ്റ്റേകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച കണക്ക്. ഹോം സ്റ്റേകള്‍ക്ക് അംഗീകാരം നല്‍കുന്നത് ടൂറിസം വകുപ്പാണ്. ഓരോ ഹോം സ്റ്റേയിലെയും സൗകര്യങ്ങള്‍ പരിഗണിച്ച് ക്ലാസിഫിക്കേഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതിന് ഹോം സ്റ്റേ സംരംഭകര്‍ എട്ടോളം രേഖകള്‍ സമര്‍പ്പിക്കണം. അതിനാലാണ് സംരംഭകര്‍ മടി കാട്ടുന്നത്. ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ടൂറിസം വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അപേക്ഷയോടൊപ്പം റെസിഡെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഹോം സ്റ്റേകള്‍ക്ക് റെസിഡെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഏറെയാണ്. ഹോം സ്റ്റേ ആയി ഉപയോഗിക്കുന്ന മുറികള്‍ക്ക് പ്രത്യേകമായി വീട്ടുനമ്പര്‍ നല്‍കുന്ന സമ്പ്രദായവും പലയിടത്തുമുണ്ട്. ഇത്തരം കുരുക്കുകള്‍ ഒഴിവാക്കാനാണ് റെസിഡെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുന്നത്. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും നല്‍കിയാല്‍ അപേക്ഷ സ്വീകരിക്കുന്ന വിധത്തില്‍ നടപടികള്‍ ലഘൂകരിക്കാനാണ് നീക്കം. വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേകള്‍ നടത്താന്‍ നിയമം അനുവദിക്കുന്നില്ല. വീട് വാടകയ്‌ക്കെടുത്ത് നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍വീസ് വില്ല എന്ന ഗണത്തിലാണ് വരിക. സര്‍വീസ് വില്ലകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് കൊടുക്കുന്നില്ല. ഇവയെ കൊമേഴ്സ്യല്‍ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. സര്‍വീസ് വില്ലകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹോം സ്റ്റേകളുമായി ബന്ധപ്പെട്ട പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കും. സംരംഭകര്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കണം.
        തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രതിനിധികളും സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം.പി. ശിവദത്തന്‍, ടൂറിസം കണ്‍സള്‍ട്ടന്റ് ഡോ. മുരളീധരമേനോന്‍, കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി പ്രതിനിധികളായ സന്തോഷ് ടോം, ഇ.വി. രാജു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement