മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവം: മൂന്ന് മക്കളും എല്ലാ മാസവും 10,000 രൂപ വീതം മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാൻ സബ് കളക്ടറുടെ ഉത്തരവ്.
തിരു.: വർക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്.
മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചെലവാകുന്ന തുക മക്കള്‍ മൂന്നു പേരും തുല്യമായി നല്‍കി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ തുടർന്ന് അവരുടെ സ്വൈര്യജീവിതത്തിന് തടസ്സം നില്‍ക്കാൻ പാടില്ലെന്നും ഉത്തരവില്‍ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്‍റെ പകർപ്പ് മാതാപിതാക്കള്‍ക്ക് കൈമാറി. ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകള്‍ വീടിന്‍റെ താക്കോല്‍ മാതാപിതാക്കള്‍ക്ക് കൈമാറിയിരുന്നു. മന്ത്രി ആർ. ബിന്ദുവിന്റെ അടക്കം ഇടപെടലോടെയാണ് വീടിന്‍റെ താക്കോല്‍ മകള്‍ തിരിച്ച് നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വർക്കല അയിരൂരില്‍ സദാശിവൻ (79), ഭാര്യ സുഷമ്മ (73) എന്നിവരെ മകള്‍ സിജി വീടിന് പുറത്താക്കി വാതില്‍ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകള്‍ തയ്യാറായിരുന്നില്ല. പിന്നാലെ അർബുദരോഗിയായ സദാശിവൻ്റേയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനല്‍ വഴി മകള്‍ പുറത്തേക്ക് ഇടുകയായിരുന്നു. അച്ഛനെയും അമ്മയെയും ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായില്ല. തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇവർ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറി.
വൃദ്ധരായ മാതാപിതാക്കളുടെ പരാതിയിൻമേല്‍ മകള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിനും വഞ്ചനക്കുറ്റത്തിനുമാണ് അയിരൂർ പൊലീസ് മകള്‍ സിജിക്കും, ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തില്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ആർഡിഒയ്ക്കും നിർദ്ദേശം നല്‍കി.
കേസെടുത്തതിന് പിന്നാലെയാണ് വൃദ്ധ ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍ തിരികെ ലഭിച്ചത്. മകള്‍ സിജി സഹോദരൻ സാജനെ ഏല്പിച്ച താക്കോല്‍, മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. ഇവർ വീട്ടിലെത്തുന്നതിന് മുൻപ് തന്നെ മകളും കുടുംബവും വീട്ടില്‍ നിന്ന് മാറിയിരുന്നു. സ്വത്ത് തർക്കത്തിന്റെ പേരില്‍ നേരത്തെയും അച്ഛനെയും അമ്മയെയും സിജി വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു.
0 Comments