വെഞ്ഞാറമൂട് കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്.
തിരു.: വെഞ്ഞാറമൂട് കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാൻ്റെ അനുജൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാൻ്റെ അയൽവാസി പറയുന്നു. പ്രതിയുടെ സഹോദരന്‍ അഫ്സാൻ്റെ ബഹളം കെട്ട് അയൽവാസികളെത്തി. ഉമ്മയുടെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് അഫാനാണ്. അഫാൻ ആ സമയം വീടിന് പുറത്തായിരുന്നു. തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോയെന്ന് അയൽവാസി പറഞ്ഞു. തന്നേക്കാൾ പത്ത് വയസിന് താഴെയുള്ള സഹോദരൻ അഫ്സാന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടുംക്രൂരത ചെയ്തത്.
എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.
ഇന്നലെ വൈകിട്ട് ആറിന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയ അഫാൻ പറഞ്ഞത് ഇങ്ങനെയാണ് - ''എല്ലാവരെയും കൊന്നിട്ടിരിക്കുന്നു സർ, വീട്ടിൽ ഗ്യാസ് തുറന്നുവിട്ടിട്ടുണ്ട്. കീഴടങ്ങാനാണ് വന്നത്.'' തുടർന്ന് പോലീസിലെ ഒരു സംഘം അഫാനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മറ്റ് സംഘങ്ങൾ കൊലപാതകം നടന്നെന്ന് പ്രതി വെളിപ്പെടുത്തിയ വീടുകളിലേക്ക് പാഞ്ഞു. പൊലീസെത്തിയാണ് മരിച്ചവരെയെല്ലാം കണ്ടെത്തിയത്. പാചകവാതക ഗ്യാസ് തുറന്നിട്ടതിലെ അത്യാഹിതമൊഴിവാക്കാൻ ഫയർ ഫോഴ്സിനെയും എത്തിച്ചിരുന്നു.
അഫാൻ പൊലീസിനോട് പറഞ്ഞത് ഇപ്രകാരമാണ്. തനിക്ക് 23വയസാണ്. വാപ്പ ഗൾഫിൽ ഫർണിച്ചർ കട നടത്തുകയാണ്. ബിസിനസിനായി വലിയ വായ്പയെടുത്തു. ബിസിനസ് പൊളിഞ്ഞതോടെ ഭീമമായ കടമായി. നാട്ടിൽ നിന്ന് പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെടുന്നു. പിതാവിന്റെ സഹോദരൻ പണം നൽകുന്നില്ല. അമ്മൂമ്മയുടെ പക്കൽ ധാരാളം സ്വർണ്ണാഭരണം ഉണ്ടെങ്കിലും അവരും നൽകുന്നില്ല. അതിനാൽ എല്ലാവരെയും തീർത്തുകളയാൻ തീരുമാനിച്ചു. ഇന്നലെ രാവിലെ ഉമ്മൂമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവരുടെ മാലയെടുത്ത് പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചു. കൈയിൽ പണമുണ്ടായിരുന്നില്ല. പണയം വച്ച പണമുപയോഗിച്ച് ചുറ്റിക വാങ്ങി. ഇതുപയോഗിച്ചാണ് ബാക്കിയുള്ളവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മോട്ടോർ സൈക്കിളിലാണ് മറ്റു വീടുകളിലെത്തി ഓരോരുത്തരെയായി കൊലപ്പെടുത്തിയത്. രോഗിയായ മാതാവ് ഒറ്റയ്ക്കായിപ്പോയാൽ ചികിത്സയടക്കം തടസ്സപ്പെടും എന്നതിനാലാണ് ഉമ്മയേയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. കാമുകിക്ക് താനില്ലാതെ ജീവിക്കാനാവില്ലെന്ന് കരുതിയാണ് കാമുകിയെ കൊന്നത്. കാമുകിയെ വീട്ടിലേക്ക് കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് 13 വയസുള്ള ഇളയ സഹോദരൻ സ്കൂളിൽ നിന്ന് വീട്ടിലെത്തിയത്. ഇതേ കാരണത്താൽ സഹോദരനെയും കൊന്നു. ഇത്രയും വെളിപ്പെടുത്തിയതോടെ, എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അഫാൻ കുഴഞ്ഞുവീണു. ഉടൻ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. അഫാന്റെ മൊഴിയിലുള്ള കാരണങ്ങൾ പൊലീസ് അതേപടി വിശ്വസിച്ചിട്ടില്ല. കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
0 Comments