നിരാശജനകമായ ബജറ്റ്, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആവർത്തനം മാത്രം: കെ. സുരേന്ദ്രൻ.
തിരു.: നിരാശയിലാക്കുന്നതാണ് സംസ്ഥാന ബജറ്റെന്നും കേരളത്തിൻ്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. യാതൊരു ഗൃഹപാഠവും ചെയ്യാതെ കേന്ദ്ര അവഗണനയെന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആരോപണം ആവർത്തിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്.
തൊഴിലില്ലായ്മ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. കാർഷിക, വ്യവസായ മേഖലകളിലെ തളർച്ച ഇല്ലാതാക്കാൻ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. സംസ്ഥാന വരുമാനത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവാസികളെ പൂർണ്ണമായും ബജറ്റ് അവഗണിച്ചു.
25 വർഷം മുമ്പുള്ള പത്താം ധനകാര്യ കമ്മീഷൻ്റെ 3.2 ശതമാനം വിഹിതത്തിൻ്റെ കാര്യമാണ് മന്ത്രി ആവർത്തിക്കുന്നത്. കാപട്യം നിറഞ്ഞ, കണ്ണിൽ പൊടിയിടുന്ന ബജറ്റാണിത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ ആവർത്തിക്കുകയും അതിന് നാമമാത്ര വിഹിതം മാത്രം മാറ്റിവെക്കുകയുമാണ് ബജറ്റിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം കേരളത്തിൽ സംസ്ഥാന സർക്കാർ മുടക്കിയിരിക്കുകയാണ്. തീരദേശ മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികളാണ് ബജറ്റിൽ ആവർത്തിക്കുന്നത്. ഭൂ നികുതി 50 ശതമാനം വർദ്ധിപ്പിച്ച സർക്കാർ, നികുതിയിനത്തിൽ 28,000 കോടി രൂപ കുടിശ്ശിക വരുത്തിയിരിക്കുകയാണെന്നന്ന് കൺട്രോളർ ആൻറ് ഓഡിറ്റ്ജനറൽ കണ്ടെത്തിയിരുന്നു.
കേരളസർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻറ് തകർന്നിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തും ഭക്ഷ്യ വിതരണ രംഗത്തും തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു. കേന്ദ്ര അവഗണനയെന്ന ഇടത് രാഷ്ട്രീയ ആരോപണത്തെ പിന്തുണക്കുന്ന പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ കുപ്രചാരണത്തിന് പിന്തുണ നൽകുകയാണ്. കേരള ബജറ്റിൻ്റെ പൊള്ളത്തരം തുറന്നു കാണിക്കാനും കേന്ദ്ര ബജറ്റിൻ്റെ ജനക്ഷേമ സമീപനം വിശദമാക്കാനും ബിജെപി സംസ്ഥാനത്തുടനീളം പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ സമീപനത്തിനെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
0 Comments