വീടിന്റെ വാതിൽ തകർത്ത് ഇരുപതര പവൻ സ്വർണ്ണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
കോട്ടയം: കടുത്തുരുത്തി മാഞ്ഞൂരിലെ വീടിന്റെ വാതിൽ തകർത്ത് ഇരുപതര പവൻ സ്വർണ്ണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ കോലാനി ഭാഗത്ത് തൃക്കായിൽ വീട്ടിൽ കോലാനി സെൽവൻ എന്ന് വിളിക്കുന്ന സെൽവകുമാർ (50) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂർ ആനിത്തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പലക തകർത്താണ് ഇയാൾ അകത്തു കയറിയത്. വർഗീസ് സേവ്യറും ഭാര്യയും സമീപത്തുള്ള പിതാവിന്റെ വീട്ടിലായിരുന്നു രാത്രി കിടന്നിരുന്നത്. വീടിന്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലകൾ, വളകൾ, മോതിരങ്ങൾ, അടക്കം ഇരുപതര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇയാൾ അലമാരയിൽ നിന്നും മോഷ്ടിച്ചു കടന്നു കളഞ്ഞത്. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിലും കൂടാതെ ഇയാൾ എത്തിയതായി കണ്ടെത്തിയ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ആറോളം ദിവസങ്ങളിലായി നടത്തിയ ശക്തമായ തിരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണം പോയ പതിനാലര പവനോളം സ്വർണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു. പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് മോഷണം നടന്ന് ഒരാഴ്ച തികയുന്നതിന് മുൻപേ പ്രതിയെ പിടികൂടി മോഷണ മുതൽ കണ്ടെത്താൻ സാധിച്ചത്. കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഓ റെനീഷ് ഇല്ലിക്കൽ, സിപിഓമാരായ സുമൻ പി. മണി, അജിത്ത്, ഗിരീഷ്, പ്രേമൻ, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ഈ കേസിൽ വിശദമായി അന്വേഷണം നടത്തി വരുകയാണ്. സെൽവകുമാർ കരിമണ്ണൂർ, കൂത്താട്ടുകുളം, മുളന്തുരുത്തി, മരങ്ങാട്ടുപള്ളി, വണ്ടിപ്പെരിയാർ, ഏറ്റുമാനൂർ പുത്തൻകുരിശ്, കരിങ്കുന്നം, പിറവം, അയർക്കുന്നം,ഗാന്ധിനഗർ, പാലാ എന്നീ സ്റ്റേഷനുകളിലായി 34ഓളം മോഷണ കേസുകളിൽ പ്രതിയാണ്. കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലെ ഉഴവൂർ, കാണക്കാരി എന്നീ ഭാഗങ്ങളിലും കൂടാതെ ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തുമുള്ള വീടുകൾ കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചത് ഇയാൾ തന്നെയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
0 Comments