കോട്ടയം: വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിശ്ചലമായതു മൂലം കുറച്ച് ദിവസങ്ങളായി വാഹന ഉടമകൾ നട്ടംതിരിയുകയാണ്. പ്രത്യേകിച്ച് പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചവർ. കഴിഞ്ഞ വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ പുക പരിശോധനാ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാനായിട്ടില്ല. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിലുണ്ടായ അപാകമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അറിയുന്നു. എന്നാൽ, പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതോർത്ത് ആശങ്കപ്പെടേണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. 22-2-2025 നും 27-2-2025-നമിടയിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനും മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കും പുക പരിശോധന നിർബന്ധമാണ്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ 22-02-25 മുതൽ പ്രവർത്തന രഹിതമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ സെർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യവ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇത് പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ ഇനിയും 24 മണിക്കൂറിൽ അധികം സമയം വേണമെന്നും എംവിഡിയുടെ കുറിപ്പിൽ പറയുന്നു.
പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ടെസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളും തടസ്സപ്പെടുമെന്നും ടെസ്റ്റ് വൈകിയാൽ വാഹന ഉടമകൾക്ക് പിഴ അടയ്ക്കേണ്ടി വരുമെന്നുമുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണത്താൽ ബുദ്ധിമുട്ട് നേരിടുകയാണ് വാഹന ഉടമകൾ. ഇത് മനഃപൂർവ്വമായി തടസ്സപ്പെടുത്തുന്നതാണെന്നാണ് സെന്റർ ഉടമകളുടെ പരാതി. അല്ലെങ്കിൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രശ്നം പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നാണ് അവരുടെ ചോദ്യം. ബന്ധപ്പെട്ട അധികാരികളോട് പറഞ്ഞപ്പോൾ മറുപടിയില്ലാതെ കൈ മലർത്തുകയാണെന്ന് അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾസ് (കേരള) ഭാരവാഹികൾ പറഞ്ഞു. വ്യക്തമായ മറുപടിയോ പരിഹാര നിർദ്ദേശങ്ങളോ അവർക്കില്ലാത്തത് ദുരൂഹതയാണ്. വാഹന പുക പരിശോധനാ കേന്ദ്രങ്ങളെ നിശ്ചലമാക്കുന്ന ഇത്തരം പ്രവണത കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ എം.ബി. സ്യമന്തഭദ്രൻ പറഞ്ഞു.
0 Comments