കോഴഞ്ചേരി: മാരാമൺ കൺവെൻഷൻ നഗറിലും പരിസര പ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കൺവെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് മാരാമൺ മാർത്തോമ റിട്രീറ്റ് സെന്ററിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഏകോപനത്തോടെ പ്രവർത്തിച്ച് ഭക്ഷ്യ വിഷബാധയ്ക്കുള്ള സാഹചര്യമില്ലെന്ന് ഉറപ്പാക്കും. കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം. ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല. ഇതിനായി പ്രത്യേകം സ്ക്വാഡിനെ സജ്ജമാക്കും. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ സമീപ പഞ്ചായത്തുകളിൽ വെക്ടർ നിരീക്ഷണം നടത്തി കൊതുക് നിർമ്മാർജ്ജനം ഉറപ്പാക്കും.
കൺവെൻഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും യോഗം അവലോകനം ചെയ്തു. എല്ലാ വകുപ്പുകളും ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ, ഡിഎം ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. കൃഷ്ണകുമാർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയ് ഫിലിപ്പ്, പഞ്ചായത്തംഗം ബിജലി പി. ഈശോ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ടി. റ്റോജി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ജിജു ജോസഫ്, മാർത്തോമ്മ ഇവാഞ്ചലിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. എബി കെ. ജോഷ്വാ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments