നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.
കോട്ടയം: ശ്രീനാരായണഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് പരിപാവനമായ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം ഗോപാലൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. തന്ത്രി ജിതിൻ ഗോപാൽ, മേൽശാന്തി കുമരകം രജീഷ് ശാന്തികൾ തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം, ദേവസ്വം, രജിസ്ട്രേഷൻ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യൂണിയൻ യോഗം വൈസ് പ്രസിഡന്റും കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുരേഷ് പരമേശ്വരൻ ഉത്സവസന്ദേശം നൽകി. മാസ്റ്റർ അപ്പുണ്ണി കെ. കലാപരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഡയാലിസിസ് കിറ്റ് വിതരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. സിനിൽ മുണ്ടപ്പള്ളിയും ചികിത്സാ സഹായ വിതരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ജോയിൻ്റ് കൺവീനർ വി. ശശികുമാറും നിർവ്വഹിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ബെൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് സുജാതൻ, മാസ്റ്റർ അപ്പുണ്ണി കെ. എന്നിവരെ ആദരിച്ചു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, എസ്എൻഡിപി യോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ, മുൻസിപ്പൽ കൗൺസിലർ ഷൈനി ഫിലിപ്പ്, എസ്എൻഡിപി യോഗം വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമാ മോനപ്പൻ, എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്. സുമോദ്, ഉത്സവ കമ്മറ്റി കൺവീനർ എസ്. ദേവരാജൻ, കോർഡിനേറ്റർ കെ.ആർ. വിജയൻ എന്നിവർ സംസാരിച്ചു.
എല്ലാ ദിവസങ്ങളിലും അദ്ധ്യാത്മിക പ്രഭാഷണം, കലാപരിപാടികൾ, മികച്ച കലാകാരന്മാർ അണിനിരക്കുന്ന ക്ഷേത്ര വാദ്യങ്ങൾ മുതലായവ ഉണ്ടാകും. രണ്ടാം ഉത്സവ ദിനം മുതൽ കോട്ടയം യൂണിയന്റെ അഞ്ച് മേഖലകളുടേയും ആഭിമുഖ്യത്തിൽ താലപ്പൊലി ഘോഷയാത്രകൾ ഉണ്ടായിരിക്കും. ഏഴാം തീയതി വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം. ഒൻപതാം തീയതി ഞായറാഴ്ച ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.
0 Comments