കോട്ടയം അന്താരാഷ്ട്രചലചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കം.
കോട്ടയം: കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തുടക്കമാകും. 18 വരെ നീളുന്ന മേളയിൽ വിവിധ പുരസ്ക്കാരങ്ങൾ നേടിയ 25 സിനിമകൾ പ്രദർശിപ്പിക്കും. കോട്ടയം അനശ്വര തിയേറ്ററിൽ രാവിലെ 10 മുതൽ രാത്രി 8 വരെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഡലിഗേറ്റ് പാസും ഇവിടെ ലഭ്യമാണ്. ഈ വർഷം മികച്ച ചിത്രത്തിനടക്കം 5 ഓസ്കാർ അവാർഡു നേടിയ "അനോറ" ആണ് ഉദ്ഘാടന ചിത്രം. നിരവധി അവാർഡുകൾ നേടിയ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയാണ് സമാപനചിത്രം. സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ 14ന് വൈകുന്നേരം 5ന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. 29മത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
അന്തർദേശീയ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബോഡി, ഹ്യൂമൻ ആനിമൽ, റിഥം ഓഫ് ദമ്മാം, അണ്ടർ ഗ്രൗണ്ട് ഓറഞ്ച് എന്നീ ചിത്രങ്ങളോടൊപ്പം ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച യാഷ ആൻഡ് ലിയോണിഡ് ബ്രെഴനോട്, ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിൾ എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങളായ അന്ന & ഡാന്റെ, കറസ്‌പ്പോണ്ടന്റ്, ദി ലോംങസ്റ്റ് സമ്മര്‍ എന്നീ ചിത്രങ്ങളും മേളയില്‍ ഇള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജൂർ (ബജിക), ബാഗ്ജൻ (അസാമീസ്), ഹ്യൂമൻസ് ഇൻ ദി ലൂപ് (ഹിന്ദി), സ്വാഹ (മഗാഹി), സെക്കന്റ് ചാൻസ് (ഹിന്ദി, ഹിമാചലി), ഷീപ് ബാൺ (ഹിന്ദി) എന്നീ ചിത്രങ്ങൾ മേളയിൽ കാണാം. കോളേജ് വിദ്യാർത്ഥിയായ സിറിൽ എബ്രഹാം ഡെന്നിസ് സംവിധാനം ചെയ്ത വാട്ടു സി സോമ്പി, കൃഷാന്തിന്റെ സംഘർഷ ഘടന, മുഖകണ്ണാടി (സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ), റോട്ടർഡാം മേളയിൽ ശ്രദ്ധ നേടിയ കിസ് വാഗൻ (മിഥുൻ മുരളി) നാടക വിദ്യാർത്ഥി ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നീ ചിത്രങ്ങൾ ഏറ്റവും പുതിയ മലയാള സിനിമയെ പ്രതിനിധാനം ചെയ്യുന്നു.
രാജ്യാന്തര പ്രശ്‌സ്തനായ ചലച്ചിത്രകാരൻ ജി. അരവിന്ദന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു അദേഹത്തിന്റെ "വാസ്തു ഹാര" പ്രദർശിപ്പിക്കും. എംടി സ്മൃതിയുടെ ഭാഗമായി "ഓളവും തീരവും" പ്രദർശിപ്പിക്കും. കവിയൂർ ശിവപ്രസാദ് എംടി അനുസ്മരണം നിർവഹിക്കും. ഒപ്പം എംടി -കാലം എന്ന ചിത്ര പ്രദർശനവുമൊരുക്കുന്നുണ്ട്.
0 Comments