റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു.
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്. പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ, ലൗലി മാലാകർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് ട്രോളി ബാഗിലാക്കി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും റെയിൽവേ പൊലീസ് ഡാൻസാഫ് സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിലെത്തിയ സന്ത്രാഗച്ചി- മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ നിന്നാണ് കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ട്രോളി സൂട്ട് കേസുകളിലായി കടത്തിക്കൊണ്ടുവന്ന 47.7 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവിന് 24 ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒഡീഷയിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. കണ്ണൂർ, അഴീക്കോട്, വളപട്ടണം, മട്ടന്നൂർ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ. അറസ്റ്റിലായ യുവാവിനെതിരെ കണ്ണൂരിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ. കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ് ആർ., റെയിൽവേ പൊലീസ് ഡാൻസാഫ് സ്ക്വാഡ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ദീപക് എ.പി., എ.പി. അജിത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, ഹെഡ് കോൺസ്റ്റബിൾ അജീഷ് ഓ.കെ., റെയിൽവേ പൊലീസ് ഇൻ്റലിജൻസ് അസി. സബ് ഇൻസ്പെക്ടർ സന്തോഷ് ശിവൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണികണ്ഠൻ എം., സിവിൽ പൊലീസ് ഓഫീസർമാരായ ഷമീർ എസ്., രജീഷ് കെ., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാരായണൻ കെ.കെ., പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ് കെ., ടി.എസ്. അനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു വി., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാനി എസ്. എന്നിവരാണുണ്ടായിരുന്നത്.
0 Comments