പത്തനംതിട്ട: പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാ പ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയുടെ ജനകീയ മുഖമാണ് ആശാ പ്രവർത്തകർ. അവരുടെ സേവനങ്ങൾ ഏറെ വിലപ്പെട്ടതാണ്. ആശാ പ്രവർത്തകർ നൽകുന്ന അടിസ്ഥാന വിവരങ്ങളും റിപ്പോർട്ടുകളും ഹെൽത്ത് ഡിപ്പാർട്ട്മെൻറിന്റെ നയരൂപീകരണത്തിനും ഭാവി പദ്ധതികൾക്കും സുപ്രധാന ഘടകമാണ്. ഈ മേഖലയിൽ പ്രധാന പ്രവർത്തനം നടത്തുന്ന അവരുടെ കുറഞ്ഞ വേതനം ന്യായമായും ഉയർത്തേണ്ടതാണ്. കാലാകാലങ്ങളിൽ ഉയർത്തി കൊടുക്കേണ്ട വേതനത്തിനു വേണ്ടി സെക്രട്ടേറിയറ്റ് പടിക്കൽ ആശാ പ്രവർത്തകരെ സമരത്തിന് ഇരുത്തേണ്ട അവസ്ഥയുണ്ടാക്കിയത് ഒട്ടും ശരിയായില്ല. തീവ്രമായ ചൂടുള്ള ഈ കാലാവസ്ഥയിൽ നാല് ആഴ്ച ആകുന്ന ആശമാരുടെ സമരത്തിനോട് കരുണ കാണിച്ച് ആനുകൂല്യം നൽകാത്തത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒട്ടും ഭൂഷണമല്ല. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ അവകാശ സമരത്തിന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി അഭിവാദ്യങ്ങൾ അർപ്പിച്ച് അനുമോദിച്ച് ഐക്യദാർഢ്യം പ്രഖാപിച്ചു.
ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി. റെജി, സമരനായിക എം.എ. ബിന്ദു കളർകോടിനെ ഹാരമണിയിച്ച് ആദരിച്ചു. കെപിജിഡി പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി.റെജി, ജി.ബി. അംഗം ഡോ: ഗോപീമോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ രജനി പ്രദീപ്, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് എം.ആർ. ജയപ്രസാദ്, ഡി.സി. മെമ്പറൻമാരായ വിജയലക്ഷ്മി ഉണ്ണിത്താൻ, അനീഷ് രാജ് എന്നിവർ അഭിവാദ്യം അർപ്പിച്ച് പ്രസംഗിച്ചു.
0 Comments