ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് വഴി 1.41 കോടി കവർന്ന കേസിൽ പ്രധാന സൂത്രധാരൻ പിടിയിൽ.
കോട്ടയം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽപരം രൂപ തട്ടിയെടുത്ത കേസിലെമുഖ്യ ആസൂത്രകൻ പിടിയിൽ. സുബേർ (33) എന്ന സൗത്ത് ഡൽഹി സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ടീം ഡൽഹിയിൽ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു. നാലു പേരെ ഫെബ്രുവരി മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാൾ ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സമൂഹ മാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിർള ക്യാപിറ്റൽ സോക്സ് ആൻഡ് സെക്യൂരിറ്റി എന്ന പേരിൽ ആഡ്ബീർ കേപ്പബിൾ എന്ന ആപ്ലിക്കേഷൻ വൈദികന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു. തുടക്കത്തിൽ കുറച്ച് ലാഭവിഹിതം വൈദികന് നൽകി വൈദികനെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തു. പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ, കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനിൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് പല തവണകളായി പല അക്കൗണ്ടുകളിലേക്കായി 1,41,86,385 (ഒരുകോടി നാൽപത്തി ഒന്നു ലക്ഷത്തി എൺപത്തിആറായിരത്തി മുന്നൂറ്റി എൺപത്തിയഞ്ചു) രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു. മുടക്കിയ പണം തിരികെ ലഭിക്കാതെയും ലാഭവും കിട്ടാതിരുന്നതിനെ തുടർന്ന് വൈദികൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസുമായി ബന്ധപ്പെട്ട് എസ്എച്ച്ഓ റെനീഷ് ടി.എസിന്റെ നേതൃത്വത്തിൽ വൈദികന്റെ നഷ്ടപ്പെട്ട കുറച്ചു പണം കേരളത്തിലെ എടിഎം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ തട്ടിപ്പിന്റെ പിന്നിൽ ഉത്തരേന്ത്യൻ സംഘമാണന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയുടെ പേരിലുള്ള 12 ബാങ്ക് അക്കൗണ്ടിലേക്കായി പതിനേഴു ലക്ഷത്തി അമ്പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അഖിൽ ദേവ്, കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സീനിയർ സിപിഒമാരായ അനീഷ് ഇ.എ. അജീഷ് പി. എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
0 Comments