ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങളിൽ ചിലത് കോഴിക്കോട്.
കൊച്ചി: ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച് നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച് നടത്താനുള്ള ആലോചന ഉണ്ടെന്നാണ് അഭീക് ചാറ്റർജി അറിയിച്ചത്. ആരാധകരുടെ സൗകര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹോം മത്സരങ്ങളില്‍ ചിലത് കോഴിക്കോടേക്ക് മാറ്റാനുള്ള ആലോചനയുണ്ടെങ്കിലും ഇതിന് പ്രായോഗിക തടസ്സങ്ങള്‍ ഏറെയാണെന്ന് അഭീക് ചാറ്റർജി പറഞ്ഞു. ഐഎസ്‌എല്‍ അധികൃതരുടെ അനുമതിയുള്‍പ്പെടെ ആവശ്യമുണ്ട്. കേരളത്തിലെ തന്നെ മറ്റിടങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതിനോട് ഐഎസ്‌എല്‍ അധികൃതർക്കും അനുകൂല നിലപാടാണ്. മുഴുവൻ ഹോം മത്സരങ്ങളും കൊച്ചിയില്‍ നിന്ന് മാറ്റുകയല്ല. ഈ സീസണില്‍ നോർത്ത് ഈസ്റ്റ് കളിച്ചത് പോലെ കുറച്ച് മത്സരങ്ങള്‍ മറ്റ് വേദികളില്‍ കളിക്കുന്നു എന്ന് മാത്രം.
ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങള്‍ മറ്റ് വേദികളില്‍ വച്ച് നടത്തുന്ന കാര്യം തങ്ങള്‍ ആലോചിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ വലിയൊരു വിഭാഗം ആരാധകർ മറ്റിടങ്ങളിലുണ്ട്. കുറച്ച് മത്സരങ്ങള്‍ ഇവിടേക്ക് മാറ്റുന്നത് ഈ ആരാധകർക്ക് സൗകര്യമാവും. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ വലിയ വെല്ലുവിളികളാണുള്ളത്. മത്സരം നടക്കുന്ന വേദികളില്‍ ഐഎസ്‌എല്‍ അധികൃതർ ആവശ്യപ്പെടുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാവണം. ഇതൊക്കെ ഉണ്ടെങ്കിലേ മറ്റ് വേദികളില്‍ മത്സരങ്ങള്‍ നടത്താൻ കഴിയും. വരുന്ന സീസണില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുറച്ച് മത്സരങ്ങള്‍ നടത്തുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നും അഭീക് ചാറ്റർജി വ്യക്തമാക്കി.
പുതുതായി ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമേറ്റെടുത്ത ദവീദ് കറ്റാലയെ അവതരിപ്പിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു അഭീക് ചാറ്റർജിയുടെ വെളിപ്പെടുത്തൽ. സൂപ്പർ കപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനച്ചുമതല കറ്റാല ഏറ്റെടുത്തു. അദ്ദേഹം നെഹ്റു സ്റ്റേഡിയം സന്ദർശിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇവാൻ വുകുമാനോവിചിന് പകരം ക്ലബിൻ്റെ പരിശീലകനാക്കിയ മൈക്കൽ സ്റ്റാറെയെ മോശം പ്രകടനങ്ങൾക്കൊടുവിൽ സീസൺ പാതിയിൽ വച്ച് പുറത്താക്കി. പിന്നീട് സഹപരിശീലകരാണ് ക്ലബിനെ പരിശീലിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ക്ലബ് സ്പാനിഷ് പരിശീലകൻ ദവീദ് കറ്റാലയെ പരിശീലകനായി അവതരിപ്പിക്കുകയായിരുന്നു.
0 Comments