വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം വെള്ളിയാഴ്ച.
തിരു.: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം അനുബന്ധ വികസന പദ്ധതികളും വേഗത്തിലാക്കാനൊരുങ്ങി സർക്കാർ. മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കുമ്പോൾ പ്രതിബന്ധങ്ങൾ പലത് കടന്ന് പദ്ധതി യാഥാർത്ഥ്യമാക്കാനായതിന്റെ സംതൃപ്തി സർക്കാറിനുണ്ട്. തുറമുഖത്തിന്റെ തുടർന്നുള്ള ഘട്ടങ്ങളുടെ നിർമ്മാണത്തിനൊപ്പം അനുബന്ധമായി വൻവികസന പദ്ധതികളാണ് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ സമയബന്ധിതമായി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഭരണതലത്തിൽ വേഗത്തിലാക്കുക.തുറമുഖം പ്രവർത്തന സജ്ജമാവുന്നതോടൊപ്പം ജില്ലയില്‍ ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിങ് റോഡ്, വിഴിഞ്ഞം-കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണം എന്നിവയാണ് സർക്കാർ ഇതിനകം പ്രഖ്യാപിച്ച പദ്ധതികൾ. ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ ധനവകുപ്പടക്കം എല്ലാ പിന്തുണയും നൽകുന്നുണ്ട്. തുറമുഖ നിർമ്മാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി അനുബന്ധ മേഖലയില്‍ പ്രയോജനപ്പെടുത്തകയാണ് ലക്ഷ്യം. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് ദേശീയപാത അതോറിറ്റിയുമായി സഹകരിച്ചാണ് ഔട്ടര്‍ റിങ് റോഡ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധ വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നു. തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറുന്ന ബൃഹത് പദ്ധതിയായി ഇത് മാറുമെന്നാണ് സർക്കാർ പ്രതീക്ഷ. അടുത്തഘട്ടത്തിൽ എറണാകുളം വരെയുള്ള ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും ആരംഭിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
റോഡ്, റെയിൽ കണക്റ്റിവിറ്റി കൂടി യാഥാർത്ഥ്യമാക്കി ചരക്ക് ഗതാഗതം സുഗമാക്കകയാണ് ഇനി സർക്കാറിന് മുന്നിലുള്ള വെല്ലുവിളി. ഇതിനുള്ള തടസങ്ങൾ നീക്കിയതായും ലക്ഷ്യമിട്ടവിധം നിർമാണം പൂർത്തീകരിക്കാനാവുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സർക്കാറിന്റെ സാമ്പത്തിക ഞെരുക്കം തടസ്സമാവരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്കടക്കം ഉള്ളത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ പ്രവർത്തനം വിശദമായി പരിശോധിച്ചിരുന്നു. ഇതുവരെ നടത്തിയ നിർമാണപ്രവർത്തനങ്ങളും വിലയിരുത്തി. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മാണം 2028ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
0 Comments