എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിത; ചരിത്രം കുറിച്ച് കണ്ണൂരുകാരി സഫ്രീന. കണ്ണൂർ: എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ കാൽപ്പാട് പതിഞ്ഞു. കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്.
ഖത്തറിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ സർജനായ താഴെ ചൊവ്വ സ്വദേശി ഡോ. ഷമീൽ മുസ്തഫയുടെ ഭാര്യയാണ് സഫ്രീന. ഖത്തറിൽ കേക്ക് ആർട്ടിസ്റ്റായാണ് സഫ്രീന പ്രവർത്തിക്കുന്നത്. ഇരുവരും പർവതാരോഹണരാണ്. മേയ് 18 ഞായറാഴ്ച രാവിലെ നേപ്പാൾ സമയം 10.25ഓടെയാണ് സഫ്രീന എവറസ്റ്റ് കൊടുമുടിയുടെ 8848 മീറ്റർ ഉയരവും കീഴടക്കിയത്. ഇതിനായി ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന ചരിത്രം കുറിച്ചത്.
ഇതിന് മുമ്പും മലയാളികൾ എവറസ്റ്റ് കയറിയിട്ടുണ്ട്. എന്നാൽ, എവറസ്റ്റ് കൊടുമുടി പൂർണ്ണമായും കീഴടക്കിയ ആദ്യ മലയാളി വനിതയെന്ന ഖ്യാതി ഇനി സഫ്രീനക്ക് സ്വന്തമാണ്. ഞായറാഴ്ചയാണ് സഫ്രീനയും പത്തോളം പേരടങ്ങുന്ന സംഘവും കൊടുമുടിയിലെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെ മാത്രമാണ് സംഘം ബേസ് ക്യാമ്പിൽ തിരികെയെത്തുന്നത്. അവിടെ നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കാഠ്മണ്ഡുവിലെത്തുന്ന സഫ്രീനയെ സ്വീകരിക്കാനായി ഭർത്താവ് ഡോ. ഷമീൽ മുസ്തഫ ദോഹയിൽ നിന്ന് നേപ്പാളിൽ എത്തി.
2021 ജൂലൈയിൽ താൻസാനിയയിലെ 5985 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഷമീലും സഫ്രീനയും പർവതാരോഹണത്തിന് തുടക്കമിടുന്നത്. അതിനു ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5642 മീറ്റർ) എന്നിവയും കീഴടക്കി. പിന്നീടാണ് എവറസ്റ്റിനെ കാൽച്ചുവട്ടിലാക്കാൻ ഷമീലും സഫ്രീനയും നേരംകുറിച്ചത്. എന്നാൽ, ഇതിനിടയിൽ ഡോ. ഷമീൽ പരിക്കിനെ തുടർന്ന് എവറസ്റ്റ് സ്വപ്നത്തിന് താൽകാലിക അവധി നൽകി. അപ്പോഴും സ്വപ്നം കൈവിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കിയാണ് ഈ ഏപ്രിൽ 12ന് ദോഹയിൽ നിന്നും നേപ്പാളിലേക്ക് യാത്രയായത്. പത്തോളം പേരടങ്ങിയ സംഘത്തിനൊപ്പം ഏപ്രിൽ 19ന് ബേസ് കാമ്പിലെത്തി. അവിടെ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു എവറസ്റ്റിലേക്ക് ശ്രമിച്ചത്. മേയ് 9ന് എവറസ്റ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 14ന് ബേസ്ക്യാമ്പിൽ നിന്നും ദൗത്യത്തിന് തുടക്കം കുറിച്ചു. ക്യാമ്പ് രണ്ടിലെത്തി ഒരു ദിവസം വിശ്രമിച്ച ശേഷം ക്യാമ്പ് മൂന്നിലേക്കുള്ള സാഹസിക യാത്ര. കടുത്ത മഞ്ഞും ദുർഘടമായ പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട മലകയറ്റം. അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്. നാലു മണിക്കൂർ അവിടെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ നെറുകയിലെത്തിയത്. ബേസ് ക്യാമ്പ് വിട്ട ശേഷം സാറ്റലൈറ്റ് ഫോൺ വഴി നീക്കങ്ങൾ അറിഞ്ഞതല്ലാതെ കൂടുതൽ ആശയവിനിമയമൊന്നും നടത്താനായില്ലെന്ന് ഡോ. ഷമീലും പറയുന്നു.
തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൽ ലത്തീഫിൻെറയും വേങ്ങാട് സ്വദേശി കെ.പി. സുബൈദയുടെയും മകളാണ് സഫ്രീന. മിൻഹയാണ് ഏക മകൾ.
0 Comments