Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അതിരപ്പിള്ളി ഉത്പന്നങ്ങൾ ആഗോള ബ്രാൻഡായി; ആദിവാസി കർഷകർക്ക് നേട്ടം.

അതിരപ്പിള്ളി ഉത്പന്നങ്ങൾ ആഗോള ബ്രാൻഡായി; ആദിവാസി കർഷകർക്ക് നേട്ടം.
തൃശൂർ: അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയിലൂടെ ആദിവാസി കർഷകർ ഉത്പാദിപ്പിക്കുന്ന തനത് ഉത്പന്നങ്ങളായ കാപ്പി, തേൻ, കുരുമുളക്, കുടംപുളി എന്നിവയ്ക്ക് പ്രിയമേറുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് ആദിവാസികളുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയാണിത്. കാർഷിക വിളകളുടെ വിളവ്യാപനം മുതൽ കാർഷിക ഉത്പന്ന മൂല്യവർദ്ധനവും വിപണനവും വരെ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.
       www.athirappillytribalvalley.com എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന, ദേശീയ തലങ്ങളിലെ വിവിധ എക്‌സിബിഷനുകൾ വഴിയും അതിരപ്പിള്ളി ബ്രാൻഡ് ഉപഭോക്താക്കളിൽ എത്തുന്നു. കൃഷി വകുപ്പിന്റെ കേരളഗ്രോ ബ്രാൻഡിംഗ് ചെയ്യുകയും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും അതിരപ്പിള്ളി ബ്രാൻഡിലുള്ള ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നു. കൃഷിവകുപ്പിന്റെ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ വഴിയും അതിരപ്പിള്ളി ട്രൈബൽ ഫാർമേഴ്‌സ് സെന്റർ വഴിയും ചാലക്കുടിക്കടുത്ത് വെറ്റിലപ്പാറ ചിക്ലായിൽ പ്രവർത്തിക്കുന്ന സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിലും ഉത്പന്നങ്ങൾ ലഭിക്കും.
       ഇതുവരെ ഓൺലൈൻ വിൽപ്പനയിലൂടെ 86,075 രൂപയും ചില്ലറ വിൽപ്പന ഔട്ട്‌ലെറ്റുകളിലൂടെ 40,92,375 രൂപയും ലഭിച്ചു. ബ്രാൻഡിംഗിലൂടെ ആദിവാസി കർഷകർക്കും വനിതകൾക്കും ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കുന്നുണ്ട്. കർഷകർ ഉത്പാദിപ്പിക്കുന്ന കാപ്പി, കുരുമുളക്, മഞ്ഞക്കൂവ, മഞ്ഞൾ എന്നിവ കൂടാതെ വനത്തിൽ നിന്ന് ശേഖരിക്കുന്ന തേൻ, തെള്ളി, കുടംപുളി തുടങ്ങിയവയും അതിരപ്പിള്ളി ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ആദിവാസി ഉന്നതികളായ തവളക്കുഴിപ്പാറ, അടിച്ചിൽതൊട്ടി, പെരുമ്പാറ, അരേകാപ്പ് എന്നിവിടങ്ങളിൽ കാർഷിക നഴ്‌സറികൾ ആരംഭിക്കുന്നതിനായി വനിതാ സംഘങ്ങൾ രൂപീകരിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിൽ ഈ നഴ്‌സറികളിൽ 2.5 ലക്ഷത്തിലധികം തൈകൾ (കാപ്പി, കുരുമുളക്, കൊക്കോ, കവുങ്ങ്) ഉത്പാദിപ്പിക്കുകയും കർഷകർക്ക് വിതരണം ചെയ്യുകയും ചെയ്തു. തൈ വിതരണം ചെയ്തതിലൂടെ 34.5 ലക്ഷം രൂപ നഴ്‌സറിയിലെ ആദിവാസി സ്ത്രീകൾക്ക് ലഭിച്ചു.
       പരമ്പരാഗത വിത്തിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നഴ്‌സറി പ്രവർത്തനങ്ങൾക്കും വിളവെടുപ്പിന് ശേഷമുള്ള ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും കർഷകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 451 കർഷകരിൽ 205 പേർ വനിതകളാണ്. മുറം, കുട്ട, കപ്പ്, മഴമൂളി, പെൻഹോൾഡർ, കണ്ണാടിപ്പായ തുടങ്ങിയ കരകൗശല ഉത്പന്നങ്ങളും ആദിവാസി സ്ത്രീകൾ, പ്രത്യേകിച്ച് പ്രായമായവർ, നിർമ്മിച്ച് കമ്പനിക്ക് നൽകുന്നു. ഇത് മറ്റ് വരുമാന മാർഗ്ഗങ്ങളില്ലാത്ത സ്ത്രീകൾക്ക് സ്ഥിരവരുമാനവും ആത്മവിശ്വാസവും നൽകുന്നുണ്ട്.
      കൃഷി വകുപ്പിന്റെ പിന്തുണയോടെ ആദിവാസികൾ മാത്രം അംഗങ്ങളായ അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉത്പാദക കമ്പനി ലിമിറ്റഡിൽ മാർച്ച് 31 വരെ 242 ഷെയർ ഹോൾഡർമാർ ആണുള്ളത്. അതിൽ 111 പേർ വനിതകളാണ്.


Post a Comment

0 Comments

Ad Code

Responsive Advertisement