Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണക്കാലത്തെ വരവേല്‍ക്കാന്‍ സപ്ലൈക്കോ ഒരുങ്ങി.

ഓണക്കാലത്തെ വരവേല്‍ക്കാന്‍ സപ്ലൈക്കോ ഒരുങ്ങി.
തിരു.: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനതല ഓണം ഫെയർ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 
       26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.
       വിപണിയിലെ ഇടപെടൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും. അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉൾപ്രദേശങ്ങളിലടക്കം എത്തിക്കാനാകും.
        അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനു പുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. വെളിച്ചെണ്ണയ്ക്ക് വില കൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാനും സപ്ലൈകോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്സിഡിയായും നോൺ സബ്സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു കൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്ലവർ ഓയില്‍, പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.
      എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുന്നതാണ്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
       വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വൻപയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവരപ്പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കിലോയ്ക്ക് 115.50 രൂപയും അര കിലോയ്ക്ക് 57.50 രൂപയുമാണ് വില.
        വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശബരി ബ്രാൻഡിൽ 5 പുതിയ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത്. സേമിയ / പാലട പായസം മിക്സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവയാണ് പുതിയ ഉത്പന്നങ്ങൾ. ഈ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ് ഓഗസ്റ്റ് മാസം 18ാം തീയതി സപ്ലൈകോ ഹെഡ് ക്വാർട്ടേഴ്സില്‍ വച്ച് നടത്തും.
       അരി നേരിട്ട് തെരഞ്ഞെടുത്ത്, മില്ലുകൾ വഴി സംസ്കരിച്ച് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യും.

Post a Comment

0 Comments

Ad Code

Responsive Advertisement