Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി.

മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി.
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. 
       ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. ഇവർ താമസിക്കുന്ന വീടിന്റെ പണികൾ പോലും പൂർത്തിയായിട്ടില്ല. മകൾ നവമിയുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു ബിന്ദു. ഇന്നലെ രാവിലെ 11 മണിയോടെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു. ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ സങ്കടം ഒരു നാടിന്‍റെ മുഴുവന്‍ സങ്കടമായി മാറുന്ന കാഴ്ചയാണ് ഇന്ന് തലയോലപ്പറമ്പിലെ വീട്ടിൽ കണ്ടത്. 
       ആദ്യമായി കിട്ടിയ ശമ്പളം ഇന്നലെ അമ്മയുടെ കയ്യിലേല്‍പ്പിക്കാൻ കാത്തിരുന്നതാണ് മകന്‍ നവനീത്. ആ സന്തോഷത്തിന് കാത്തുനിൽക്കാതെ തന്നെ വിട്ടുപോയ അമ്മയെ വിളിച്ച് നെഞ്ചുപൊട്ടി നിലവിളിക്കുകയാണ് നവനീത്. അമ്മയെ രക്ഷിക്കാന്‍ താന്‍ ആരെയൊക്കെ വിളിച്ചെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാൻ ആര്‍ക്കും വാക്കുകളുണ്ടായിരുന്നില്ല. തനിക്കൊപ്പം കൂട്ടിരിക്കാനെത്തിയ അമ്മയിനി ഒരിക്കലും തനിക്കൊപ്പമില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാൻ മകള്‍ നവമിക്ക് കഴിഞ്ഞിട്ടില്ല. വാര്‍ദ്ധക്യത്തിൽ തനിക്ക് തണലാകേണ്ട മകളുടെ ചേതനയറ്റ ശരീരത്തിന് മുന്നിലിരുന്ന് അവളെക്കുറിച്ച് എണ്ണിപ്പറഞ്ഞ് നിലവിളിക്കുന്ന ബിന്ദുവിൻ്റെ അമ്മ എല്ലാവരുടെയും കണ്ണുനിറച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement