ശബരിമലയിലെ സ്വർണ്ണപ്പാളിയിൽ നിന്ന് 475 ഗ്രാമോളം സ്വർണ്ണം കാണാതായിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളിയിൽ നിന്ന് 475 ഗ്രാമോളം സ്വർണ്ണം കാണാതായിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. വിഷയത്തിൽ
കേസെടുത്ത് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ സംസ്ഥാനപൊലീസ് മേധാവിയെ കക്ഷിചേർക്കുകയും ചെയ്തു. സ്വർണ്ണപ്പാളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി. ദേവസ്വം വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് ഇന്നുതന്നെ ദേവസ്വം ബോർഡിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബോർഡ് ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടർന്ന് പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാകണം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസ് രജസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടത്. ദ്വാരപാലക ശില്പങ്ങളിലെ ചെമ്പുപാളികൾക്ക് പുറമേ ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണ്ണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്ന് എസ്ഐടിക്ക് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണപ്പാളി നഷ്ടമായ സംഭവത്തിൽ അഞ്ചംഗ അന്വേഷണസംഘം രൂപീകരിച്ച് ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ തൃശൂർ പൊലീസ് അക്കാഡമിയിലെ അസി. ഡയറക്ടർ എസ്. ശശിധരൻ്റെ നേതൃത്വത്തിലാണ് സംഘം.
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു. രണ്ടാഴ്‌ചയിലൊരിക്കൽ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ആറാഴ്‌ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തു പോകരുത്. മുദ്രവച്ച കവറിൽ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു.
അതേസമയം, ശബരിമലയിലെ ഹൈക്കോടതി ഇടപെടൽ ഭക്തരുടെ മനസിന് കുളിർമ ഉണ്ടാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സർക്കാരിനെ കോടതിക്ക് വിശ്വാസമില്ലാത്തതു കൊണ്ടാണ് മേൽനോട്ടം ഏറ്റെടുത്തത്. മന്ത്രിക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനും ഒരു നിമിഷം പോലും സ്ഥാനങ്ങളിൽ തുടരാൻ അവകാശമില്ല. ശബരിമലയിൽ നടന്നത് സർക്കാർ സ്പോൺസേഡ് കൊള്ളയെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു
0 Comments