ഇന്ന് കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൻ്റെ 69-ാം ജന്മദിനമാണ് നവംബർ ഒന്ന് ആയ ഇന്ന്. ഈ ദിവസം ലോകമെമ്പാടുമുള്ള മലയാളികൾ വളരെ കാര്യമായി ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും വിവിധ തരം ആഘോഷങ്ങൾ സംഘടിപ്പിച്ചും ആശംസകൾ അറിയിച്ചും മലയാളികൾ ഈ ദിവസം ആഘോഷിക്കുന്നു.
കേരളത്തിന്റെ പൈതൃകവും സംസ്കാരവും തേടി നിരവധി ആളുകളാണ് ഓരോ ദിവസവും കേരളത്തിൽ എത്തുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത് വെറുതെയല്ല എന്ന് തന്നെയാണ് കേരളം സന്ദർശിച്ചിട്ട് പോകുന്ന ഓരോരുത്തരും പറയുന്നത്. കേരളത്തിന്റെ 14 ജില്ലകൾക്കും നിരവധി പ്രത്യേകതകളാണ് ഉള്ളത്.
എന്തുകൊണ്ടാണ് കേരളത്തിന് ഈ പേര് ലഭിച്ചത് എന്ന സംശയവും പലർക്കും ഉണ്ടാകും. എന്നാൽ, ഇതിനു പിന്നിൽ പല കഥകളും പറഞ്ഞു കേൾക്കുന്നുണ്ട്. കേരവൃക്ഷങ്ങൾ കൂടുതൽ ഉള്ളത് കൊണ്ടാണ് കേരളം എന്ന് വന്നതെന്നും. ചേരരാജാക്കന്മാരുടെ ഭരണത്തിന് കീഴിലുള്ള ചേരളം പിന്നീട് കേരളം ആയതാണെന്നും പരശുരാമൻ മഴു എറിഞ്ഞ് വീണ് ഉണ്ടായ സ്ഥലമായതു കൊണ്ടാണ് കേരളം എന്ന പേരുണ്ടായതെന്നും പല കഥകൾ ഉണ്ട്. എന്നാൽ, ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ ജന്മനാട് അറിയപ്പെടാനാണ് മലയാളികൾക്ക് പൊതുവേ ഇഷ്ടം.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, ഇന്ത്യയിൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള തീരുമാനം വന്നതോടെയാണ് ഐക്യകേരളം എന്ന ആശയം യാഥാർത്ഥ്യമായത്. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ, മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു. പ്രകൃതിരമണീയതയാൽ അനുഗ്രഹീതമായ കേരളം, ഉയർന്ന സാക്ഷരതാ നിരക്ക്, മികച്ച ആരോഗ്യമേഖല, സാംസ്കാരിക പാരമ്പര്യം എന്നിവയാൽ ലോകശ്രദ്ധയിൽ എത്തി. കഥകളി, മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങളും ഓണം പോലെയുള്ള ദേശീയോത്സവങ്ങളും നമ്മുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നു. ലോകത്തെവിടെയുളള മലയാളികളും കേരളപ്പിറവി ദിനം ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ഈ ദിവസം എല്ലാ മലയാളികളും പരസ്പരം കേരളപ്പിറവി ആശംസകൾ നേരുന്നു.
എല്ലാ വായനക്കാർക്കും കേരളാ ഫയൽ മീഡിയ ടീമിൻ്റെ കേരളപ്പിറവി ദിനാശംസകൾ...
0 Comments