വോട്ടുകൊള്ള ആരോപണത്തിൽ പരാമർശിച്ച ബ്രസീൽ മോഡൽ പ്രതികരണവുമായി രംഗത്ത്.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി വോട്ടുകൊള്ള ആരോപണത്തിൽ പരാമർശിച്ച ബ്രസീൽ മോഡൽ പ്രതികരണവുമായി രംഗത്തെത്തി. ബ്രസീലിയൻ മോഡൽ ലാരിസ്സയാണ് നവമാധ്യമത്തിലൂടെ പ്രതികരണവുമായി എത്തിയത്. തന്നെ തട്ടിപ്പിനായി ഉപയോഗിച്ചത് ഞെട്ടിച്ചു. ഇതെന്തു ഭ്രാന്താണെന്ന് ലാരിസ്സ വീഡിയോ സന്ദേശത്തിൽ ചോദിച്ചു.
'ഒരു തമാശ പറയാനുണ്ട് ' എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 'ഹലോ ഇന്ത്യ, ഇത് നിങ്ങൾക്കാണ്. എന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയിൽ ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇത് വിചിത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയവുമായി എനിക്ക് ഒരു ബന്ധവുമില്ല. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയിൽ ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചത്' ലാരിസ്സ വ്യക്തമാക്കി.
തന്റെ ഫോട്ടോ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമിൽ നിന്നും താനറിയാതെ എടുത്ത് ഉപയോഗിച്ചതാണ്. താൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. ഇതു കണ്ട് എല്ലാവരും ചിരിക്കുകയാണ്. താൻ ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നും ബ്രസീലിയൻ മോഡൽ ലാരിസ്സ പറയുന്നു.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകൊള്ളയെന്ന ആരോപണവുമായി നടത്തിയ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു വോട്ടർ പട്ടികയിൽ കടന്നു കൂടിയ ബ്രസീലിയൻ മോഡലിന്റെ ചിത്രം രാഹുൽ പ്രദർശിപ്പിച്ചത്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വിൽമ തുടങ്ങി വ്യത്യസ്ത പേരുകളിലായി ഒരേ ചിത്രത്തിൽ വോട്ടർ പട്ടികയിൽ ഇടം നേടി 10 ബൂത്തുകളിലായി 22 വോട്ടുകൾ രേഖപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ ആരോപണം.
0 Comments