Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ല : ഹൈക്കോടതി.

വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ല : ഹൈക്കോടതി. 
കൊച്ചി: വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ് ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നല്‍കാന്‍ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
     അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരെ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി. 
     ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന് മാസം 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാല്‍ തനിക്ക് മാസം 25,000 രൂപ വീതം ചെലവ് ഇനത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു. എന്നാല്‍, വിചിത്ര ന്യായവുമായി മകന്‍ ഇതിനെ എതിര്‍ത്ത് ഹൈക്കോടതിൽ എത്തിയെങ്കിലും, സുപ്രധാന വിധി പുറപ്പെടുവിക്കുകയായിരുന്നു ഹൈക്കോടതി .
     അമ്മ പശുവിനെ വളര്‍ത്തുന്നുണ്ടെന്നും ഇതില്‍ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ട് എന്നുമാണ് മകന്‍ വാദിച്ചത്. മാത്രമല്ല, വയോധികയുടെ ഭര്‍ത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും അതിനാല്‍ താന്‍ പണം നല്‍കണമെന്ന കാര്യം നിയമപരമായി നിലനില്‍ക്കില്ല എന്നുമാണ് മകന്‍ എടുത്ത നിലപാട്. എന്നാല്‍, കോടതി ഇത് തള്ളി. ബിഎന്‍എസ്‌എസ് സെക്ഷന്‍ 144 അനുസരിച്ച്‌ മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് സംരക്ഷിക്കുന്നുണ്ടോ എന്നത് മക്കള്‍ ചെയ്യേണ്ട കാര്യത്തില്‍ നോക്കേണ്ടതില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും മക്കളില്‍ നിന്ന് ചെലവിനത്തില്‍ അമ്മയ്ക്ക് അവകാശപ്പെടാന്‍ കഴിയും. അതിനാല്‍ ഭര്‍ത്താവ് ചെലവിനു നല്‍കുന്നതിനാല്‍ താന്‍ നല്‍കേണ്ടെന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Ad Code

Responsive Advertisement