നാവികസേനയുടെ സമുദ്ര ശക്തിപ്രകടനം ശംഖുമുഖത്ത്; മുഖ്യാതിഥിയായി രാഷ്ട്രപതി. തിരു.: നാവികസേനാ ദിനത്തോടനുബന്ധിച്ച് ശംഖുംമുഖം കടലും ആകാശവും ഇതാദ്യമായി വേദിയാകുന്നു. സേനയുടെ പോരാട്ടവീര്യവും കഴിവും തെളിയിക്കുന്ന കടൽ ശക്തിപ്രകടത്തിനാണ് ശംഖുംമുഖം ഡിസംബർ മൂന്നിന് വേദിയാകുന്നത്. സേനയുടെ വിവിധ യുദ്ധക്കപ്പലുകളും രക്ഷാപ്രവർത്തനത്തിനു യുദ്ധമുഖത്ത് ഉപയോഗിക്കുന്ന പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും ശംഖുംമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് ദൃശ്യവിസ്മയമൊരുക്കും. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡെമോ എന്ന ദൃശ്യവിസ്‌മയമൊരുക്കുക.
വ്യാഴാഴ്ച മുതൽ വലിയതുറ-വലിയ വേളി വരെയുള്ള തീരക്കടലിൽ സേനയുടെ കപ്പലുകൾ എത്തിത്തുടങ്ങും. നവംബർ 29, ഡിസംബർ ഒന്ന് എന്നീ തീയതികളിൽ ഉച്ചയ്ക്കു ശേഷം ശംഖുംമുഖം ബീച്ചിൽ ഫുൾഡ്രസ് റിഹേഴ്‌സൽ നടക്കും. ശക്തിപ്രകടനം നടത്തുന്ന ഡിസംബർ മൂന്നിന് രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മുഖ്യാതിഥിയായി എത്തുന്നത്. നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ. ത്രിപാഠിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഡിസംബർ മൂന്നിന് സേനാംഗങ്ങൾ നടത്തുന്ന പ്രകടത്തിന്റെ ഫുൾഡ്രസ് റിഹേഴ്സൽ നവംബർ 29, ഡിസംബർ ഒന്ന് തീയതികളിൽ ശംഖുംമുഖം കടലിലും ആകാശത്തും നടക്കുമെന്ന് കമ്മഡോർ വിജു സാമുവൽ പറഞ്ഞു. പരിപാടിക്ക് സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പിന്തുണയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്കും നാവികസേനാ മേധാവിയടക്കമുള്ള വിവിധ സേനാതലവൻമാർക്കും ഗവർണ്ണർ, മുഖ്യമന്ത്രി എന്നിവർക്കുമുള്ള പവിലിയനുകളും സജ്ജമാക്കിക്കഴിഞ്ഞു. പ്രകടനത്തിനെത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള കമാൻഡ് കൺട്രോൾ സെന്ററും സജ്ജമാക്കിക്കഴിഞ്ഞു. അതീവ സുരക്ഷാ മേഖലയായുള്ള ഇവിടെ നിരീക്ഷണ ക്യാമറകളും സേനയുടെയും പോലീസിന്റെയും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പലടക്കം ഐഎൻഎസ് വിക്രാന്ത്, സേനയുടെ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള സേനയുടെ യുദ്ധക്കപ്പലുകളും ചെറുകപ്പലുകളും പായ്ക്കപ്പലുകളും മിഗ്-2, മിഗ്- 29, സീകിങ് ഡബ്ല്യു എസ് 61-പി 8 വിമാനങ്ങൾ, ഹെലികോപ്റ്റർ വിഭാഗത്തിലുള്ള ചേതക്, ധ്രുവ്, കാമോവ് കെ-31, അക്രോബാറ്റിക് പ്രകടനത്തിനുള്ള കിരൺ വിമാനങ്ങൾ, ദേശീയ പതാകയുടെ നിറത്തിലുള്ള പാരഷൂട്ടുകളിൽ നിന്ന് കപ്പലുകളിലേക്കും കരയിലേക്കും പറന്നിറങ്ങുന്ന പാരഷൂട്ട് ട്രൂപ്പുകൾ, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി കപ്പലിലെത്തിക്കുന്നത്, രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചെത്തുന്ന ഭീകരരെ ആകാശമാർഗ്ഗവും കടൽമാർഗ്ഗവും സേനയുടെ കപ്പലുകളും വിമാനങ്ങളും തുരത്തിയോടിക്കുന്നത് അടക്കമുള്ള ആവേശകരമായ ദൃശ്യവിസ്മയങ്ങൾ ആയിരിക്കും ശംഖുംമുഖത്തെ കടലിലും ആകാശത്തും നാവികസേനാംഗങ്ങൾ നടത്തുക.
0 Comments